Agradecimento pela vida
Agradecer pela vida é reconhecer que cada respiração é dom de Deus. Toda criatura que tem fôlego louve ao Senhor — porque Ele nos formou e nos sustenta com amor.
സർവജീവജാലങ്ങളും യഹോവയെ വാഴ്ത്തട്ടെ.
യഹോവയെ വാഴ്ത്തുക.
യഹോവയെ വാഴ്ത്തുക.
എൻ മനമേ, യഹോവയെ വാഴ്ത്തുക.
ഞാൻ എന്റെ ആയുഷ്കാലമൊക്കെയും യഹോവയെ വാഴ്ത്തും;
എന്റെ ജീവിതകാലമൊക്കെയും ഞാൻ എന്റെ ദൈവത്തെ വാഴ്ത്തിപ്പാടും.
അവിടന്നാണെന്റെ അന്തരിന്ദ്രിയം രൂപകൽപ്പനചെയ്തത്;
എന്റെ അമ്മയുടെ ഗർഭഗൃഹത്തിൽ എന്നെ കൂട്ടിയിണക്കിയതും അങ്ങുതന്നെയാണ്.
സങ്കീർണവും വിസ്മയകരവുമായി അങ്ങ് എന്നെ സൃഷ്ടിച്ചിരിക്കുകയാൽ ഞാൻ അങ്ങേക്ക് സ്തോത്രംചെയ്യുന്നു;
അവിടത്തെ പ്രവൃത്തികൾ ആശ്ചര്യകരമാണ്,
അതെനിക്കു നന്നായി അറിയാം.
ഞാൻ നിഗൂഢതയിൽ ഉരുവാക്കപ്പെടുകയും
ഭൂമിയുടെ അഗാധതകളിൽ മെനയപ്പെടുകയും ചെയ്തപ്പോൾ,
എന്റെ ആകാരം അങ്ങേക്ക് അജ്ഞാതമായിരുന്നില്ല.
എന്റെ ശരീരം രൂപപ്പെടുന്നതിനുമുമ്പുതന്നെ അവിടത്തെ കണ്ണ് എന്നെ കണ്ടു;
എനിക്കു നിർണയിക്കപ്പെട്ടിരുന്ന ദിനങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നതിനു മുമ്പേതന്നെ,
അവയെല്ലാം അങ്ങയുടെ പുസ്തകത്തിൽ രേഖപ്പെടുത്തപ്പെട്ടു.
ഞാൻ എന്റെ ജീവിതം മുഴുവനും യഹോവയ്ക്കു പാടും;
എന്റെ ജീവിതകാലമൊക്കെയും ഞാൻ എന്റെ ദൈവത്തെ വാഴ്ത്തിപ്പാടും.
ഞാൻ യഹോവയിൽ ആനന്ദിക്കുമ്പോൾ
എന്റെ ധ്യാനം അവിടത്തേക്ക് പ്രസാദകരമായിത്തീരട്ടെ.
യഹോവ ആകുന്നു ദൈവം എന്നറിയുക.
അവിടന്നാണ് നമ്മെ നിർമിച്ചത്, നാം അവിടത്തെ വകയും ആകുന്നു;
നാം അവിടത്തെ ജനവും അവിടത്തെ മേച്ചിൽപ്പുറങ്ങളിലെ അജഗണവുംതന്നെ.
അവിടത്തെ കവാടങ്ങളിൽ സ്തോത്രത്തോടും
അവിടത്തെ ആലയാങ്കണത്തിൽ സ്തുതിയോടുംകൂടെ പ്രവേശിക്കുക;
അവിടത്തേക്ക് സ്തോത്രമർപ്പിച്ച്, തിരുനാമം വാഴ്ത്തുക.
ദൈവമേ, അവിടത്തെ അചഞ്ചലസ്നേഹം എത്ര അമൂല്യമാകുന്നു!
സകലമനുഷ്യരും അവിടത്തെ ചിറകിൻകീഴിൽ അഭയംതേടുന്നു.
അവിടത്തെ ഭവനത്തിന്റെ സമൃദ്ധിയിൽ അവർ വിരുന്നുണ്ട്, തൃപ്തിയടയുന്നു;
അവിടത്തെ ആനന്ദപ്രവാഹത്തിൽനിന്ന്, അവർക്കു കുടിക്കാൻനൽകുന്നു.
കാരണം അവിടത്തെ സന്നിധാനത്തിൽ ജീവജലധാരയുണ്ട്;
അവിടത്തെ പ്രഭയിൽ ഞങ്ങൾ പ്രകാശം ദർശിക്കുന്നു.
യഹോവേ, ഞാൻ അങ്ങയെ പുകഴ്ത്തും,
ആഴത്തിൽനിന്ന് അവിടന്ന് എന്നെ ഉദ്ധരിച്ചിരിക്കുന്നു
എന്റെ ശത്രുക്കൾ എന്റെമേൽ വിജയം ഘോഷിക്കാൻ അങ്ങ് അനുവദിച്ചില്ല.
എന്റെ ദൈവമായ യഹോവേ, സഹായത്തിനായി ഞാൻ വിളിച്ചപേക്ഷിച്ചു,
അങ്ങ് എന്നെ സൗഖ്യമാക്കി.
യഹോവേ, പാതാളത്തിൽനിന്ന് അവിടന്ന് എന്നെ കരകയറ്റിയിരിക്കുന്നു;
കുഴിയിൽ ഇറങ്ങാതവണ്ണം അവിടന്നെന്റെ ജീവൻ കാത്തുപാലിച്ചിരിക്കുന്നു.
യഹോവേ, ഞാൻ പൂർണഹൃദയത്തോടെ, അങ്ങയെ സ്തുതിക്കും;
അവിടത്തെ അത്ഭുതങ്ങളൊക്കെയും ഞാൻ വർണിക്കും.
ഞാൻ അങ്ങയിൽ ആനന്ദിച്ചുല്ലസിക്കും;
അത്യുന്നതനേ, തിരുനാമത്തിനു ഞാൻ സ്തുതിപാടും.
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ പിതാവായ ദൈവത്തിന് സർവകാര്യങ്ങൾക്കായും എപ്പോഴും സ്തോത്രം അർപ്പിക്കുകയുംചെയ്യുക.
ക്രിസ്തുവിലുള്ള ആത്മികാനുഗ്രഹങ്ങൾ
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെടട്ടെ. അവിടന്ന് സ്വർഗത്തിലെ സർവ ആത്മികാനുഗ്രഹങ്ങളാലും ക്രിസ്തുവിൽ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു.
അവിടത്തെ അവർണനീയമായ ദാനം ഓർത്ത് ദൈവത്തിനു സ്തോത്രം!
വിശുദ്ധർക്കു പ്രകാശത്തിലുള്ള അവകാശത്തിന്റെ ഓഹരിക്കു നിങ്ങളെ യോഗ്യരാക്കുകയും അന്ധകാരത്തിന്റെ അധികാരത്തിൽനിന്ന് നമ്മെ സ്വതന്ത്രരാക്കി അവിടത്തെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിൽ പ്രവേശിപ്പിക്കുകയുംചെയ്ത പിതാവിന് ആനന്ദത്തോടെ സ്തോത്രംചെയ്യുന്നവരാകണമെന്നും ഞങ്ങൾ അപേക്ഷിക്കുന്നു. ആ പുത്രനിൽ നമുക്കു പാപവിമോചനമെന്ന വീണ്ടെടുപ്പു ലഭിച്ചു.
ക്രിസ്തു പരമോന്നതൻ
ക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും
സകലസൃഷ്ടിക്കും അധീശനും ആകുന്നു.
സ്വർഗത്തിലും ഭൂമിയിലും ഉള്ള ദൃശ്യമായതും അദൃശ്യമായതും
സിംഹാസനങ്ങളും കർത്തൃത്വങ്ങളും വാഴ്ചകളും അധികാരങ്ങളും
എല്ലാം ക്രിസ്തുവിനാൽ സൃഷ്ടിക്കപ്പെട്ടു;
സകലതും ക്രിസ്തുമുഖേനയും ക്രിസ്തുവിനായിട്ടും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
അവിടന്ന് എല്ലാറ്റിനും മുമ്പേ ഉള്ളവൻ;
സകലത്തെയും നിലനിർത്തുന്നതും അവിടന്നാണ്.
നിങ്ങൾ ഭക്ഷിച്ചു തൃപ്തനായശേഷം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകിയ മനോഹരദേശത്തിനുവേണ്ടി അവിടത്തേക്ക് സ്തോത്രംചെയ്യണം.
കർത്താവേ, അവിടന്ന് എന്റെ വ്യവഹാരം ഏറ്റെടുത്ത്
എന്റെ ജീവനെ അവിടന്ന് വീണ്ടെടുത്തു.
സമുദ്രത്തിൽ പർവതങ്ങളുടെ അടിവാരംവരെയും ഞാൻ മുങ്ങിപ്പോയി;
അവിടെ ഞാൻ ഭൂമിയുടെ അടിത്തട്ടിൽ സദാകാലത്തേക്കും ബന്ധിതനായിരുന്നു.
എങ്കിലും, എന്റെ ദൈവമായ യഹോവേ,
ആ അഗാധതയിൽനിന്ന് എന്നെ കയറ്റി അങ്ങ് എനിക്കു ജീവൻ തിരികെ നൽകിയിരിക്കുന്നു.
"എന്റെ പ്രാണൻ പൊയ്പ്പോയി എന്നായപ്പോൾ
ഞാൻ യഹോവയെ ഓർത്തു.
അങ്ങയുടെ വിശുദ്ധമന്ദിരത്തിലേക്കുതന്നെ,
എന്റെ പ്രാർഥന ഉയർന്നു.