Arca de noé
A arca de Noé é história de salvação e fidelidade. Deus instruiu Noé a construir a arca para salvar sua família e os animais do dilúvio — exemplo supremo de obediência e fé.
അതുകൊണ്ട് ദൈവം നോഹയോട് അരുളിച്ചെയ്തു, "ഞാൻ സകലമനുഷ്യരെയും നശിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു; അവർനിമിത്തം ഭൂമിയിൽ അക്രമം നിറഞ്ഞിരിക്കുന്നു! ഞാൻ അവരെയും ഭൂമിയെയും നശിപ്പിക്കും! നിശ്ചയം. ആകയാൽ നിനക്കുവേണ്ടി ഗോഫർമരംകൊണ്ട് ഒരു പെട്ടകം ഉണ്ടാക്കണം; അതിൽ അറകൾ നിർമിച്ച് വെള്ളം കയറാത്തവിധം അതിന്റെ അകത്തും പുറത്തും കീൽ തേക്കണം. നീ പെട്ടകം നിർമിക്കേണ്ടത് ഇനി പറയുന്ന കണക്കുകൾപ്രകാരം ആയിരിക്കണം, അതിന് നീളം മുന്നൂറ് മുഴവും വീതി അൻപതു മുഴവും ഉയരം മുപ്പത് മുഴവും ഉണ്ടായിരിക്കണം. പെട്ടകത്തിന് ഒരു മേൽക്കൂര ഉണ്ടാക്കണം, മേൽക്കൂരയ്ക്കുതാഴേ ഒരുമുഴം അകലത്തിൽ പെട്ടകത്തിനുചുറ്റും കിളിവാതിൽ ഉണ്ടാക്കണം. പെട്ടകത്തിന്റെ വശത്ത് ഒരു വാതിൽ വെക്കണം, ഒരു കീഴ്ത്തട്ടും ഇടത്തട്ടും മേൽത്തട്ടും ഉണ്ടായിരിക്കണം.
സകലതും ക്രമീകരിക്കപ്പെട്ടതിനുശേഷം, യഹോവ നോഹയോട് അരുളിച്ചെയ്തത്: "ഞാൻ നിന്നെ ഈ തലമുറയിൽ നീതിമാനായി കണ്ടിരിക്കുന്നു; അതുകൊണ്ടു നീയും നിന്റെ കുടുംബം മുഴുവനും പെട്ടകത്തിനുള്ളിലേക്കു പ്രവേശിക്കുക.
നോഹയും തന്റെ ഭാര്യയും നോഹയുടെ പുത്രന്മാരും അവരുടെ ഭാര്യമാരും പ്രളയത്തിൽനിന്നു രക്ഷപ്പെടുന്നതിനായി പെട്ടകത്തിൽ പ്രവേശിച്ചു. ശുദ്ധിയുള്ളവയും അല്ലാത്തവയുമായ മൃഗങ്ങളിൽനിന്ന്, പക്ഷികളും എല്ലാ ഇഴജന്തുക്കളും, ആണും പെണ്ണുമായി ദൈവം കൽപ്പിച്ചതുപോലെ നോഹയുടെ അടുക്കൽവന്ന് പെട്ടകത്തിനുള്ളിൽ കടന്നു. ഏഴുദിവസം കഴിഞ്ഞപ്പോൾ ഭൂമിയിൽ പ്രളയം ആരംഭിച്ചു.
ദൈവം നോഹയോടു കൽപ്പിച്ചതനുസരിച്ച്, ആണും പെണ്ണുമായിട്ടാണ് സകലജീവികളും പെട്ടകത്തിൽവന്നു കയറിയത്. അതിനുശേഷം യഹോവ അവരെ ഉള്ളിലാക്കി വാതിൽ അടച്ചു.
നാൽപ്പതു ദിവസത്തേക്കു ഭൂമിയിൽ പ്രളയം തുടർന്നു; വെള്ളം പെരുകിയപ്പോൾ പെട്ടകം ഭൂമിയിൽനിന്ന് ഉയർന്നു. വെള്ളം ഭൂമിയിൽ അത്യധികം പെരുകി, പെട്ടകം വെള്ളത്തിനുമീതേ ഒഴുകിനീങ്ങി.
ഭൂമുഖത്തു ജീവനോടെ ഉണ്ടായിരുന്നവയെല്ലാം നിർമാർജനം ചെയ്യപ്പെട്ടു; മനുഷ്യരെയും മൃഗങ്ങളെയും നിലത്തിഴയുന്ന ജീവികളെയും ആകാശത്തിലെ പക്ഷികളെയും—ഇങ്ങനെ സകലതിനെയും പ്രളയം തുടച്ചുനീക്കി. നോഹയും അദ്ദേഹത്തോടുകൂടെ പെട്ടകത്തിലുണ്ടായിരുന്നവരുംമാത്രം അവശേഷിച്ചു.
വെള്ളം ഭൂമിയിൽനിന്ന് ക്രമേണ ഇറങ്ങിത്തുടങ്ങി. നൂറ്റി അൻപതു ദിവസം കഴിഞ്ഞപ്പോൾ വെള്ളം വലിഞ്ഞ്, ഏഴാംമാസം പതിനേഴാംതീയതി, പെട്ടകം അരാരാത്ത് പർവതത്തിൽ ഉറച്ചു.
നാൽപ്പതുദിവസംകൂടി കഴിഞ്ഞപ്പോൾ, നോഹ, പെട്ടകത്തിൽ താൻ ഉണ്ടാക്കിയിരുന്ന ജനാല തുറന്ന് ഒരു കാക്കയെ പുറത്തേക്കയച്ചു; ഭൂമിയിൽ വെള്ളം വറ്റുന്നതുവരെയും അതു വരികയും പോകുകയും ചെയ്തുകൊണ്ടിരുന്നു. ഭൂമിയുടെ പ്രതലത്തിൽനിന്ന് വെള്ളം വലിഞ്ഞിട്ടുണ്ടോ എന്നറിയാൻ ഒരു പ്രാവിനെയും അദ്ദേഹം പുറത്തേക്കയച്ചു. എന്നാൽ ഭൂമിയിൽ എങ്ങും വെള്ളമായിരുന്നതുകൊണ്ട് കാലുകുത്താൻ ഇടം കാണാതെ അതു പെട്ടകത്തിൽ നോഹയുടെ അടുക്കൽ മടങ്ങിയെത്തി. അദ്ദേഹം കൈനീട്ടി അതിനെ പിടിച്ച് പെട്ടകത്തിനുള്ളിൽ തന്റെ അടുക്കൽ ആക്കി. ഏഴുദിവസംകൂടി കാത്തിരുന്നതിനുശേഷം നോഹ പ്രാവിനെ വീണ്ടും പെട്ടകത്തിൽനിന്ന് പുറത്തേക്ക് അയച്ചു. പ്രാവു വൈകുന്നേരം തിരിച്ചെത്തിയപ്പോൾ, അതിന്റെ ചുണ്ടിൽ അതാ ഒരു പച്ച ഒലിവില! വെള്ളം ഭൂമിയിൽനിന്ന് വലിഞ്ഞിരിക്കുന്നു എന്ന് അപ്പോൾ നോഹയ്ക്ക് മനസ്സിലായി. അദ്ദേഹം ഏഴുദിവസംകൂടി കാത്തിരുന്നു; പ്രാവിനെ വീണ്ടും പുറത്തേക്ക് അയച്ചു. എന്നാൽ ഇത്തവണ അത് അദ്ദേഹത്തിന്റെ അടുക്കൽ മടങ്ങിവന്നില്ല.
നോഹയുടെ അറുനൂറ്റിയൊന്നാംവർഷം ഒന്നാംമാസം ഒന്നാംദിവസം ആയപ്പോൾ വെള്ളം ഭൂമിയുടെ പ്രതലത്തിൽനിന്ന് വറ്റിപ്പോയിരുന്നു. അതിനുശേഷം നോഹ പെട്ടകത്തിന്റെ മൂടി നീക്കി. നിലം ഉണങ്ങിയിരിക്കുന്നതായി കണ്ടു.
ഇതിനുശേഷം ദൈവം നോഹയോട് അരുളിച്ചെയ്തു: "നീയും നിന്റെ ഭാര്യയും നിന്റെ പുത്രന്മാരും അവരുടെ ഭാര്യമാരും പെട്ടകത്തിൽനിന്ന് പുറത്തുവരിക. നിന്നോടൊപ്പമുള്ള എല്ലാവിധ ജീവികളെയും—പക്ഷികളെയും മൃഗങ്ങളെയും നിലത്തിഴയുന്ന എല്ലാ ഇഴജന്തുക്കളെയും—പുറത്തുകൊണ്ടുവരിക; അവ ഭൂമിയിൽ പെറ്റുപെരുകി, എണ്ണത്തിൽ വർധിക്കട്ടെ."
ഇതിനുശേഷം ദൈവം നോഹയോടും പുത്രന്മാരോടും അരുളിച്ചെയ്തത്: "ഇപ്പോൾ നിങ്ങളോടും നിങ്ങൾക്കുശേഷം നിങ്ങളുടെ സന്തതിപരമ്പരയോടും നിങ്ങളോടുകൂടെ ഉണ്ടായിരുന്ന സകലജീവജന്തുക്കളോടും—പക്ഷികൾ, കന്നുകാലികൾ, വന്യമൃഗങ്ങൾ, എന്നിങ്ങനെ നിങ്ങളോടുകൂടെ പെട്ടകത്തിൽനിന്നു പുറത്തു വന്ന ഭൂമിയിലെ സകലജീവികളോടും—ഞാൻ ഉടമ്പടിചെയ്യുന്നു. ഇനി ഒരിക്കലും പ്രളയജലത്താൽ എല്ലാ ജീവജാലങ്ങളും നശിക്കുകയില്ല, ഭൂമിയെ നശിപ്പിക്കാൻ ഇനിയൊരിക്കലും പ്രളയം ഉണ്ടാകുകയില്ല എന്നു ഞാൻ നിങ്ങളോട് ഉടമ്പടിചെയ്യുന്നു."
ഞാൻ മേഘങ്ങളിൽ എന്റെ വില്ല് സ്ഥാപിക്കുന്നു, അത് എനിക്കും ഭൂമിക്കുംതമ്മിലുള്ള ഉടമ്പടിയുടെ ചിഹ്നമായിരിക്കും.
നോഹ, അതുവരെയും കണ്ടിട്ടില്ലാതിരുന്ന കാര്യങ്ങളെക്കുറിച്ചു മുന്നറിയിപ്പു ലഭിച്ചപ്പോൾ തന്റെ കുടുംബത്തെ രക്ഷിക്കുന്നതിനുവേണ്ടി ഭയഭക്തിയോടെ, വിശ്വാസത്താൽ ഒരു വലിയ പെട്ടകം നിർമിച്ചു; വിശ്വാസത്താൽ ലോകത്തെ കുറ്റം വിധിച്ച്, വിശ്വാസത്തിൽ അധിഷ്ഠിതമായ നീതിക്ക് അവകാശിയായിത്തീർന്നു.
അവരാകട്ടെ, മുമ്പ് നോഹയുടെ കാലത്ത്, പെട്ടകം നിർമിച്ചു കൊണ്ടിരുന്നപ്പോൾ ദൈവം ദീർഘക്ഷമയോടെ കാത്തിരുന്നിട്ടും ദൈവത്തിന്റെ മുന്നറിയിപ്പുകളെ അവഗണിച്ചവരാണ്. പെട്ടകത്തിന്റെ പണി പൂർത്തീകരിച്ചശേഷം, കുറച്ചുപേർ, എട്ടുപേർമാത്രം, പെട്ടകത്തിലൂടെ പ്രളയത്തിൽനിന്ന് രക്ഷപ്പെട്ടു. ആ ജലം സ്നാനത്തിന്റെ ഒരു പ്രതീകം! അത് നിങ്ങളുടെ ശരീരത്തിൽനിന്ന് മാലിന്യം നീക്കിക്കളയുന്നതിനല്ല; മറിച്ച്, ദൈവത്തോടു നാം ചെയ്യുന്ന നല്ല മനസ്സാക്ഷിക്കുള്ള ഉടമ്പടിയാണ്. യേശുക്രിസ്തുവിന്റെ ഉയിർപ്പിലൂടെയാണ് നിങ്ങളുടെ രക്ഷ സാധ്യമാകുന്നത്. അവിടന്ന് സ്വർഗാരോഹണംചെയ്ത് ദൈവത്തിന്റെ വലതുഭാഗത്തിരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും ക്രിസ്തുവിന് അധീനമായിരിക്കുന്നു.
നോഹയുടെ കാലത്തു സംഭവിച്ചതുപോലെതന്നെ ആയിരിക്കും മനുഷ്യപുത്രന്റെ പുനരാഗമനം. പ്രളയത്തിനു മുമ്പുള്ള ദിവസങ്ങളിൽ, നോഹ പെട്ടകത്തിനുള്ളിൽ പ്രവേശിച്ച ദിവസംവരെ, ജനം ഭക്ഷിച്ചും പാനംചെയ്തും വിവാഹംകഴിച്ചും വിവാഹംകഴിപ്പിച്ചും സസുഖം ജീവിച്ചുവന്നു. പ്രളയം വന്ന് എല്ലാവരെയും നശിപ്പിച്ചുകളയുന്നതുവരെ, എന്താണു സംഭവിക്കാൻ പോകുന്നതെന്ന് ആരും മനസ്സിലാക്കിയില്ല. മനുഷ്യപുത്രന്റെ പുനരാഗമനവും അങ്ങനെതന്നെ ആയിരിക്കും. അന്ന് രണ്ട് പുരുഷന്മാർ വയലിൽ ആയിരിക്കും; ഒരാൾ എടുക്കപ്പെടും, മറ്റേയാൾ ഉപേക്ഷിക്കപ്പെടും. രണ്ട് സ്ത്രീകൾ തിരികല്ലിൽ പൊടിച്ചുകൊണ്ടിരിക്കും; ഒരു സ്ത്രീ എടുക്കപ്പെടും മറ്റേ സ്ത്രീ ഉപേക്ഷിക്കപ്പെടും.