സ്നേഹത്തിൻ്റെ ശ്രേഷ്ഠത
1 ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിക്കുന്നു എങ്കിലും എനിക്ക് സ്നേഹം ഇല്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ13:1 കൈത്താളം എന്നാൽ ഒരു വാദ്യോപകരണം. അത്രേ. 2 എനിക്ക് പ്രവചനവരം ഉണ്ടായിട്ട് സകല മർമ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും, മലകളെ നീക്കുവാൻതക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കിൽ ഞാൻ ഏതുമില്ല. 3 എനിക്കുള്ളതെല്ലാം ദരിദ്രരെ പോറ്റുവാൻ ദാനം ചെയ്താലും, എന്റെ ശരീരം ചുടുവാൻ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കിൽ എനിക്ക് ഒരു പ്രയോജനവും ഇല്ല.
4 സ്നേഹം ദീർഘമായി ക്ഷമിക്കുന്നു; ദയ കാണിക്കുന്നു; സ്നേഹം അസൂയപ്പെടുന്നില്ല, 5 ആത്മപ്രശംസ നടത്തുന്നില്ല, സ്നേഹം അഹങ്കരിക്കുന്നില്ല, അയോഗ്യമായി നടക്കുന്നില്ല, സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല; 6 അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു; 7 എല്ലാം ക്ഷമിക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിയ്ക്കുന്നു, എല്ലാം സഹിക്കുന്നു.