26 ഇപ്പോഴത്തെ കഷ്ടത നിമിത്തം, മനുഷ്യൻ ആയിരിക്കുന്നതുപോലെ തന്നെ നിൽക്കുന്നത് അവനു നന്ന് എന്നു എനിക്ക് തോന്നുന്നു. 27 നീ ഭാര്യയോടു ബന്ധിക്കപ്പെട്ടിരിക്കുന്നുവോ? വേർപാട് അന്വേഷിക്കരുത്. നീ ഭാര്യ ഇല്ലാത്തവനോ? ഭാര്യയെ അന്വേഷിക്കരുത്. 28 എന്നാൽ നീ വിവാഹം ചെയ്താൽ പാപം ചെയ്യുന്നില്ല; കന്യകയും വിവാഹം ചെയ്താൽ പാപം ചെയ്യുന്നില്ല; എങ്കിലും വിവാഹിതർക്ക് ജഡത്തിൽ കഷ്ടത ഉണ്ടാകും; അത് നിങ്ങൾക്ക് വരരുത് എന്നു എന്റെ ആഗ്രഹം.
29 എന്നാൽ സഹോദരന്മാരേ, ഒന്ന് ഞാൻ പറയുന്നു: സമയം വളരെ ചുരുക്കമാകുന്നു; 30 ആകയാൽ ഇനി ഭാര്യമാരുള്ളവർ ഇല്ലാത്തവരെപ്പോലെയും, കരയുന്നവർ കരയാത്തവരെപ്പോലെയും, സന്തോഷിക്കുന്നവർ സന്തോഷിക്കാത്തവരെപ്പോലെയും വിലയ്ക്ക് വാങ്ങുന്നവർ കൈവശമാക്കാത്തവരെപ്പോലെയും 31 ലോകത്തെ അനുഭവിക്കുന്നവർ അതിനെ അനുഭവിക്കാത്തവരെപ്പോലെയും ആയിരിക്കേണം. എന്തെന്നാൽ ഈ ലോകത്തിന്റെ രൂപം ഒഴിഞ്ഞുപോകുന്നുവല്ലോ.