10 പിന്നെ ശൗലിന്റെ അടുത്ത് നിന്ന് ഓടിവന്ന ദാവീദ് അന്നുതന്നെ ഗത്ത് രാജാവായ ആഖീശിന്റെ അടുക്കൽ ഓടിച്ചെന്നു. 11 എന്നാൽ ആഖീശിന്റെ ഭൃത്യന്മാർ അവനോട്: "ഇവൻ ദേശത്തിലെ രാജാവായ ദാവീദ് അല്ലയോ?
ശൗല്‍ ആയിരത്തെ കൊന്നു
ദാവീദോ പതിനായിരത്തെ എന്നു അവർ നൃത്തങ്ങളിൽ ഗാനപ്രതിഗാനം ചെയ്തത് ഇവനെക്കുറിച്ചല്ലയോ?" എന്നു പറഞ്ഞു.
12 ദാവീദ് ഈ വാക്കുകളെ മനസ്സിലാക്കിയപ്പോൾ ഗത്ത് രാജാവായ ആഖീശിനെ ഏറ്റവും ഭയപ്പെട്ടു. 13 അവരുടെ മുമ്പാകെ തന്റെ ഭാവം മാറ്റി, ബുദ്ധിഭ്രമം നടിച്ച്, വാതിലിന്റെ കതകുകളിൽ വരച്ച്, താടിയിൽ തുപ്പൽ ഒലിപ്പിച്ചുകൊണ്ടിരുന്നു.
14 ആഖീശ് തന്റെ ഭൃത്യന്മാരോട്: "ഈ മനുഷ്യൻ ഭ്രാന്തൻ ആണെന്ന് നിങ്ങൾ കാണുന്നില്ലയോ? അവനെ എന്റെ അടുക്കൽ കൊണ്ടുവന്നത് എന്തിന്? 15 എന്റെ മുമ്പാകെ ഭ്രാന്തുകളിക്കുവാൻ ഇവനെ കൊണ്ടുവരേണ്ടതിന് എനിക്ക് ഇവിടെ ഭ്രാന്തന്മാർ കുറവാണോ? എന്റെ അരമനയിൽ ആണോ ഇവൻ വരേണ്ടത്?" എന്നു പറഞ്ഞു.