കർത്താവിന്റെ മടങ്ങിവരവ്
13 സഹോദരന്മാരേ, നിങ്ങൾ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന് നിദ്രകൊള്ളുന്നവരെക്കുറിച്ച് അറിവില്ലാതിരിക്കരുത് എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. 14 യേശു മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നെ ക്രിസ്തുവിൽ നിദ്രകൊണ്ടവരെയും ദൈവം യേശു മുഖാന്തരം അവനോടുകൂടെ വരുത്തും.
15 കർത്താവിന്റെ പ്രത്യക്ഷതവരെ ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവർക്ക് മുമ്പന്മാരായി ഉയിർക്കുകയില്ല എന്നു ഞങ്ങൾ കർത്താവിന്റെ വചനം നിമിത്തം നിങ്ങളോടു പറയുന്നു. 16 കർത്താവ് താൻ ഗംഭീരനാദത്തോടും പ്രധാനദൂതൻ്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും. 17 പിന്നെ ജീവിച്ചിരിക്കുന്നവരായ നാം മുമ്പെ ഉയിർത്തെഴുന്നേറ്റവരോട് ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേൽക്കുവാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും. 18 ഈ വചനങ്ങളെക്കൊണ്ടു അന്യോന്യം ആശ്വസിപ്പിച്ചുകൊൾവിൻ.