ശെബാരാജ്ഞി ശലോമോനെ സന്ദർശിക്കുന്നു
1 ശെബാരാജ്ഞി ശലോമോന്‍റെ കീർത്തി കേട്ടു കഠിനമായ ചോദ്യങ്ങളാൽ അവനെ പരീക്ഷിക്കേണ്ടതിനു അതിമഹത്തായ പരിവാരത്തോടും സുഗന്ധവർഗ്ഗം, ധാരാളം പൊന്ന്, രത്നങ്ങൾ എന്നിവ ചുമക്കുന്ന ഒട്ടകങ്ങളോടും കൂടെ യെരൂശലേമിൽ വന്നു; അവൾ ശലോമോന്‍റെ അടുക്കൽ വന്നശേഷം തന്‍റെ മനസ്സിൽ കരുതിയിരുന്നതെല്ലാം അവനോടു സംസാരിച്ചു. 2 അവളുടെ സകലചോദ്യങ്ങൾക്കും ശലോമോൻ ഉത്തരം പറഞ്ഞു; ഉത്തരം പറവാൻ കഴിയാതെ ഒന്നും ശലോമോനു കഠിനമായിരുന്നില്ല. 3 ശെബാരാജ്ഞി ശലോമോന്‍റെ ജ്ഞാനവും അവൻ പണിത കൊട്ടാരവും 4 അവന്‍റെ മേശയിലെ ഭക്ഷണവും അവന്‍റെ ഭൃത്യന്മാരുടെ ഇരിപ്പും അവന്‍റെ പരിചാരകരുടെ ശുശ്രൂഷയും, പാനപാത്രവാഹകന്മാരെയും അവരുടെ വേഷവും, യഹോവയുടെ ആലയത്തിലേക്കുള്ള അവന്‍റെ എഴുന്നെള്ളത്തും കണ്ടിട്ട് അമ്പരന്നുപോയി.
5 അവൾ രാജാവിനോടു പറഞ്ഞത്: "നിന്‍റെ വചനങ്ങളെയും ജ്ഞാനത്തെയും കുറിച്ച് ഞാൻ എന്‍റെ ദേശത്തുവച്ചു കേട്ട വർത്തമാനം സത്യംതന്നേ; 6 ഞാൻ വന്ന് സ്വന്ത കണ്ണുകൊണ്ട് കാണും വരെ ആ വർത്തമാനം വിശ്വസിച്ചില്ല; എന്നാൽ നിന്‍റെ ജ്ഞാനമാഹാത്മ്യത്തിന്‍റെ പാതിപോലും ഞാൻ അറിഞ്ഞിരുന്നില്ല; ഞാൻ കേട്ട കേൾവിയെക്കാൾ നീ ശ്രേഷ്ഠനാകുന്നു. 7 നിന്‍റെ ഭാര്യമാർ ഭാഗ്യവതികൾ; നിന്‍റെ മുമ്പിൽ എല്ലായ്‌പ്പോഴും നിന്ന് നിന്‍റെ ജ്ഞാനം കേൾക്കുന്ന ഈ നിന്‍റെ ഭൃത്യന്മാരും ഭാഗ്യവാന്മാർ. 8 നിന്‍റെ ദൈവമായ യഹോവക്കു വേണ്ടി രാജാവായി തന്‍റെ സിംഹാസനത്തിൽ നിന്നെ ഇരുത്തുവാൻ നിന്നിൽ പ്രസാദിച്ചിരിക്കുന്ന നിന്‍റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; നിന്‍റെ ദൈവം യിസ്രായേലിനെ എന്നേക്കും നിലനില്‍ക്കുമാറാക്കേണ്ടതിന് അവരെ സ്നേഹിച്ച്, നീതിയും ന്യായവും നടത്തുവാൻ നിന്നെ അവർക്ക് രാജാവാക്കിയിരിക്കുന്നു."