കള്ളപ്രവാചകന്മാരുടെ നാശം
1 എന്നാൽ കള്ളപ്രവാചകന്മാർ യിസ്രായേൽ ജനത്തിന്റെ ഇടയിൽ ഉണ്ടായിരുന്നു. അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാർ വരും; അവർ രഹസ്യമായി നാശകരമായ ദുരുപദേശങ്ങളെ കൊണ്ടുവരികയും തങ്ങളെ വിലയ്ക്ക് വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞ് തങ്ങൾക്കുതന്നെ ശീഘ്രനാശം വരുത്തുകയും ചെയ്യും. 2 അവരുടെ ദുഷ്കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവർ നിമിത്തം സത്യമാർഗ്ഗം ദുഷിക്കപ്പെടും. 3 അവർ ദ്രവ്യാഗ്രഹത്താൽ കൗശലവാക്ക് പറഞ്ഞ് നിങ്ങളെ ചൂഷണം ചെയ്യും. അവർക്ക് പൂർവ്വകാലം മുതൽ നിശ്ചയിച്ചിരിയ്ക്കുന്ന ശിക്ഷാവിധി താമസിയാതെവരും; അവരുടെ നാശം നിശ്ചയമാണ്.