ദാവീദ് യിസ്രായേൽ മുഴുവന്റെയും രാജാവ്
1 അതിനുശേഷം സകല യിസ്രായേൽഗോത്രങ്ങളും ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ വന്നു: "ഞങ്ങൾ നിന്റെ അസ്ഥിയും മാംസവും ആകുന്നുവല്ലോ. 2 മുമ്പു ശൗല്‍ ഞങ്ങളുടെ രാജാവായിരുന്നപ്പോഴും നായകനായി യിസ്രായേലിനെ നയിച്ചത് നീ ആയിരുന്നു. നീ എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കുകയും യിസ്രായേലിനു പ്രഭുവായിരിക്കുകയും ചെയ്യുമെന്ന് യഹോവ നിന്നോട് അരുളിച്ചെയ്തിട്ടുമുണ്ട്" എന്നു പറഞ്ഞു.
3 ഇങ്ങനെ യിസ്രായേൽമൂപ്പന്മാർ എല്ലാവരും ഹെബ്രോനിൽ രാജാവിന്റെ അടുക്കൽ വന്നു; ദാവീദ് രാജാവ് ഹെബ്രോനിൽവച്ച് യഹോവയുടെ സന്നിധിയിൽ അവരോട് ഉടമ്പടിചെയ്തു; അവർ ദാവീദിനെ യിസ്രായേലിനു രാജാവായി അഭിഷേകം ചെയ്തു.