11 പിന്നെ സ്വർഗ്ഗം തുറന്നിരിക്കുന്നത് ഞാൻ കണ്ടു; ഞാൻ നോക്കിയപ്പോൾ ഒരു വെള്ളക്കുതിര; അതിന്മേൽ ഇരിക്കുന്നവന് വിശ്വസ്തനും സത്യവാനും എന്നു പേർ, അവൻ നീതിയോടെ ന്യായം വിധിക്കുകയും പോരാടുകയും ചെയ്യുന്നു. 12 അവന്റെ കണ്ണ് അഗ്നിജ്വാലപോലെ; അവന്റെ തലയിൽ അനേകം കിരീടങ്ങൾ; അവനല്ലാതെ മറ്റാർക്കും അറിഞ്ഞുകൂടാതെ എഴുതപ്പെട്ടിട്ടുള്ള ഒരു നാമവും അവനുണ്ട്. 13 രക്തത്തിൽ മുക്കിയിരിക്കുന്ന ഒരു അങ്കിയും അവൻ ധരിച്ചിരിക്കുന്നു; ദൈവവചനം എന്നു അവനു പേർ പറയുന്നു. 14 സ്വർഗ്ഗത്തിലെ സൈന്യം ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിച്ച് വെള്ളക്കുതിരകളുടെ പുറത്തു അവനെ അനുഗമിച്ചു. 15 ജനതകളെ വെട്ടേണ്ടതിന് അവന്റെ വായിൽനിന്നു മൂർച്ചയുള്ള ഒരു വാള് പുറപ്പെടുന്നു. ഇരുമ്പുകോൽ കൊണ്ടു അവൻ അവരെ ഭരിക്കും; സർവ്വശക്തനായ ദൈവത്തിന്റെ ക്രോധവും കോപാഗ്നിയുമായ മുന്തിരിച്ചക്ക് അവൻ മെതിക്കുന്നു. 16 രാജാധിരാജാവും കർത്താധികർത്താവും എന്നൊരു നാമം അവന്റെ അങ്കിമേലും തുടമേലും എഴുതിയിരിക്കുന്നു.
17 ഒരു ദൂതൻ സൂര്യനിൽ നില്ക്കുന്നതു ഞാൻ കണ്ടു; അവൻ ആകാശത്തുകൂടി പറക്കുന്ന സകല പക്ഷികളോടും: "ദൈവത്തിന്റെ വലിയ അത്താഴത്തിന് വന്നുകൂടുവിൻ, 18 രാജാക്കന്മാരുടെ മാംസവും സേനാധിപന്മാരുടെ മാംസവും വീരന്മാരുടെ മാംസവും കുതിരകളുടെയും അതിന്റെ പുറത്തു ഇരിക്കുന്നവരുടെയും മാംസവും സ്വതന്ത്രന്മാരും അടിമകളും ചെറിയവരും വലിയവരുമായ സകലമനുഷ്യരുടെയും മാംസവും ഭക്ഷിക്കുവിൻ" എന്നു ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.
19 കുതിരപ്പുറത്തിരിക്കുന്നവനോടും അവന്റെ സൈന്യത്തോടും യുദ്ധം ചെയ്വാൻ മൃഗവും ഭൂമിയിലെ രാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ച് കൂടിയത് ഞാൻ കണ്ടു. 20 മൃഗത്തെയും അതിന്റെ മുമ്പാകെ താൻ ചെയ്ത അടയാളങ്ങളാൽ മനുഷ്യരെ ചതിച്ച് മൃഗത്തിന്റെ മുദ്ര ഏല്പിക്കുകയും അതിന്റെ പ്രതിമയെ ആരാധിപ്പിക്കുകയും ചെയ്ത കള്ളപ്രവാചകനെയും പിടിച്ച് കെട്ടി. അവർ ഇരുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയിൽ ജീവനോടെ തള്ളിക്കളഞ്ഞു. 21 ശേഷിച്ചവർ കുതിരപ്പുറത്തിരിക്കുന്നവൻ്റെ വായിൽനിന്നു പുറപ്പെട്ട വാളിനാൽ കൊല്ലപ്പെട്ടു, അവരുടെ മാംസം സകല പക്ഷികളും തിന്ന് തൃപ്തരായി.