7 ക്ഷണത്തിൽ കർത്താവിന്റെ ദൂതൻ അവിടെ പ്രത്യക്ഷനായി, അറയ്ക്കുള്ളിൽ ഒരു വെളിച്ചം പ്രകാശിച്ചു. അവൻ പത്രോസിന്റെ വശത്ത് തട്ടി: "വേഗം എഴുന്നേൽക്ക" എന്നു പറഞ്ഞ് അവനെ ഉണർത്തി; ഉടനെ അവന്റെ ചങ്ങല കൈമേൽനിന്ന് അഴിഞ്ഞു വീണു. 8 ദൂതൻ അവനോട്: "അരകെട്ടി ചെരിപ്പിട്ട് മുറുക്കുക" എന്നു പറഞ്ഞു. അവൻ അങ്ങനെ ചെയ്തു; "നിന്റെ വസ്ത്രം പുതച്ച് എന്റെ പിന്നാലെ വരിക" എന്നു പറഞ്ഞു.
9 അവൻ പിന്നാലെ ചെന്നു, ദൂതൻ മുഖാന്തരം സംഭവിച്ചത് വാസ്തവം എന്നു അറിയാതെ താൻ ഒരു ദർശനം കാണുന്നു എന്നു നിരൂപിച്ചു. 10 അവർ ഒന്നാം കാവലും രണ്ടാമത്തേതും കടന്നു പട്ടണത്തിൽ ചെല്ലുന്ന ഇരുമ്പുവാതിൽക്കൽ എത്തി. അത് അവർക്ക് തനിയെ തുറന്നു; അവർ പുറത്തിറങ്ങി ഒരു തെരുവ് കടന്നു, ഉടനെ ദൂതൻ അവനെ വിട്ടുപോയി.