ലുസ്ത്രയിൽ നിന്നും തിമൊഥെയൊസ് പൗലൊസിനോടൊപ്പം
1 പൗലോസ് ദെർബ്ബയിലും ലുസ്ത്രയിലും ചെന്നു. അവിടെ കർത്താവിൽ വിശ്വാസമുള്ളൊരു യെഹൂദസ്ത്രീയുടെ മകനായ തിമൊഥെയൊസ് എന്നു പേരുള്ള ഒരു ശിഷ്യൻ ഉണ്ടായിരുന്നു; അവന്റെ പിതാവ് യവനനായിരുന്നു. 2 അവൻ ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാരാൽ നല്ല സാക്ഷ്യം പ്രാപിച്ചവൻ ആയിരുന്നു. 3 തിമൊഥെയൊസ് തന്നോടുകൂടെ പോരേണം എന്നു പൗലൊസ് ഇച്ഛിച്ചു; അവന്റെ പിതാവ് യവനൻ എന്നു ആ പ്രദേശങ്ങളിലുള്ള യെഹൂദന്മാർ എല്ലാവരും അറിഞ്ഞിരുന്നതിനാൽ അവരെ വിചാരിച്ച് അവനെ പരിച്ഛേദന കഴിപ്പിച്ചു. 4 അവർ പട്ടണം തോറും ചെന്നു യെരൂശലേമിലെ അപ്പൊസ്തലന്മാരും മൂപ്പന്മാരും മുൻ നിർണ്ണയിച്ച പ്രബോധനങ്ങൾ അനുസരിക്കേണ്ടതിന് അവർക്ക് ഏല്പിച്ചുകൊടുത്തു. 5 അങ്ങനെ സഭകൾ വിശ്വാസത്തിൽ ശക്തിപ്പെടുകയും ദിവസേന എണ്ണത്തിൽ പെരുകുകയും ചെയ്തു.