മുടന്തൻ സൗഖ്യമാകുന്നു
1 ഒരിക്കൽ പത്രൊസും യോഹന്നാനും പ്രാർത്ഥനാസമയത്ത് ഒമ്പതാംമണി നേരം3:1 ഒമ്പതാംമണി നേരം എന്നത് 24 മണിക്കൂർ പ്രകാരം വൈകിട്ട് 3 മണി. ദൈവാലയത്തിലേക്ക് പോകുമ്പോൾ 2 അമ്മയുടെ ഗർഭംമുതൽ മുടന്തനായ ഒരാളെ ചിലർ ചുമന്നുകൊണ്ടു വന്നു; അവനെ ദൈവാലയത്തിൽ ചെല്ലുന്നവരോട് ഭിക്ഷ യാചിക്കുവാൻ ദിനംപ്രതി ദൈവാലയത്തിന്റെ സുന്ദരം എന്ന ഗോപുരത്തിനരികെ ഇരുത്തുക പതിവായിരുന്നു. 3 അവൻ പത്രൊസും യോഹന്നാനും ദൈവാലയത്തിൽ പ്രവേശിക്കുവാൻ പോകുന്നത് കണ്ടിട്ട് ഭിക്ഷ ചോദിച്ചു. 4 പത്രൊസ് യോഹന്നാനോടുകൂടെ അവനെ ഉറ്റുനോക്കി: "ഞങ്ങളെ നോക്കൂ" എന്നു പറഞ്ഞു. 5 അവൻ തനിക്കു വല്ലതും കിട്ടും എന്നു കരുതി അവരെ ശ്രദ്ധിച്ചുനോക്കി.
6 അപ്പോൾ പത്രൊസ്: "നിനക്കു നല്കാനായി വെളളിയും പൊന്നും എന്റെ പക്കൽ ഇല്ല; എന്നാൽ എന്റെ പക്കൽ ഉള്ളത് നിനക്കുതരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക" എന്നു പറഞ്ഞു. 7 അവനെ വലങ്കൈയ്ക്ക് പിടിച്ച് എഴുന്നേല്പിച്ചു; ക്ഷണത്തിൽ അവന്റെ പാദങ്ങളും കണങ്കാലുകളും ഉറച്ചിട്ട് ചാടി എഴുന്നേറ്റ്; 8 നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയുംകൊണ്ട് അവരോടുകൂടെ ദൈവാലയത്തിൽ പ്രവേശിച്ചു. 9 അവൻ നടക്കുന്നതും ദൈവത്തെ പുകഴ്ത്തുന്നതും ജനം ഒക്കെയും കണ്ടു, 10 ഇവൻ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കൽ ഭിക്ഷ യാചിച്ചുകൊണ്ട് ഇരുന്നവൻ എന്നു അറിഞ്ഞ് അവനു സംഭവിച്ചതിനെക്കുറിച്ച് വിസ്മയവും ആശ്ചര്യവും നിറഞ്ഞവരായി തീർന്നു.