5 "സഹോദരന്മാർ ഒന്നിച്ച് വസിക്കുമ്പോൾ അവരിൽ ഒരുവൻ മകനില്ലാതെ മരിച്ചുപോയാൽ മരിച്ചവൻ്റെ ഭാര്യ പുറത്തുള്ള ഒരുവന് ഭാര്യയാകരുത്; ഭർത്താവിന്റെ സഹോദരൻ അവളുടെ അടുക്കൽ ചെന്നു അവളെ ഭാര്യയായി പരിഗ്രഹിച്ച് അവളോട് ദേവരധർമ്മം നിവർത്തിക്കേണം. 6 മരിച്ചുപോയ സഹോദരന്റെ പേര് യിസ്രായേലിൽ മാഞ്ഞുപോകാതിരിക്കുവാൻ അവൾ പ്രസവിക്കുന്ന ആദ്യജാതനെ മരിച്ചവൻ്റെ അവകാശിയായി കണക്കാക്കേണം.
7 "സഹോദരന്റെ ഭാര്യയെ പരിഗ്രഹിക്കുവാൻ അവനു മനസ്സില്ലെങ്കിൽ അവൾ പട്ടണവാതില്ക്കൽ മൂപ്പന്മാരുടെ അടുക്കൽ ചെന്നു: "എന്റെ ഭർത്താവിന്റെ സഹോദരന് തന്റെ സഹോദരന്റെ പേര് യിസ്രായേലിൽ നിലനിർത്തുവാൻ ഇഷ്ടമില്ല; എന്നോട് ദേവരധർമ്മം നിവർത്തിപ്പാൻ അവനു മനസ്സില്ല" എന്നു പറയേണം. 8 അപ്പോൾ അവന്റെ പട്ടണത്തിലെ മൂപ്പന്മാർ അവനെ വിളിപ്പിച്ച് അവനോട് സംസാരിക്കേണം; എന്നാൽ: "ഇവളെ പരിഗ്രഹിക്കുവാൻ എനിക്ക് മനസ്സില്ല" എന്നു അവൻ ഉറപ്പിച്ചു പറഞ്ഞാൽ 9 അവന്റെ സഹോദരന്റെ ഭാര്യ മൂപ്പന്മാർ കാൺകെ അവന്റെ അടുക്കൽ ചെന്നു, അവന്റെ കാലിൽനിന്ന് ചെരിപ്പഴിച്ച് അവന്റെ മുഖത്തു തുപ്പി: "സഹോദരന്റെ വീടു പണിയാത്ത പുരുഷനോട് ഇങ്ങനെ ചെയ്യും" എന്നു പ്രത്യുത്തരം പറയേണം. 10 ‘ചെരിപ്പഴിഞ്ഞവൻ്റെ കുടുംബം’ എന്നു യിസ്രായേലിൽ അവന്റെ കുടുംബത്തിന് പേർ പറയും.