യഹോവയിലേക്കു തിരിഞ്ഞാൽ അനുഗ്രഹം
1 "ഞാൻ നിന്റെ മുമ്പിൽ വച്ചിരിക്കുന്ന അനുഗ്രഹത്തിൻ്റെയും ശാപത്തിൻ്റെയും ആയ ഈ വചനങ്ങൾ സകലവും നിന്റെമേൽ നിവൃത്തിയാകും. നിന്റെ ദൈവമായ യഹോവ നിന്നെ തള്ളിക്കളഞ്ഞ് ചിതറിച്ച ജനതകളുടെ ഇടയിൽവച്ച് നീ അവയെ നിന്റെ ഹൃദയത്തിൽ ഓർക്കുകയും 2 നീയും നിന്റെ മക്കളും പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടുംകൂടെ ഞാൻ ആജ്ഞാപിക്കുന്ന വാക്കു കേട്ടനുസരിച്ച് യഹോവയുടെ അടുക്കലേക്ക് മടങ്ങിവന്നാൽ 3 ദൈവമായ യഹോവ നിന്റെ സ്ഥിതി മാറ്റുകയും നിന്നോട് മനസ്സലിഞ്ഞ് നിങ്കലേക്കു തിരിയുകയും നിന്നെ ചിതറിച്ചിരുന്ന സകല ജനതകളിൽനിന്നും നിന്നെ കൂട്ടിച്ചേർക്കുകയും ചെയ്യും. 4 നിനക്കുള്ളവർ ആകാശത്തിന്റെ കീഴിലുള്ള അറുതിവരെ30:4 ആകാശത്തിന്റെ കീഴിലുള്ള അറുതിവരെ ഭൂമിയുടെ കീഴിലുള്ള അറുതിവരെ ചിതറിപ്പോയിരുന്നാലും നിന്റെ ദൈവമായ യഹോവ അവിടെനിന്നു നിന്നെ കൂട്ടിച്ചേർക്കും; അവിടെനിന്ന് അവൻ നിന്നെ കൊണ്ടുവരും. 5 നിന്റെ പൂര്‍വ്വ പിതാക്കന്മാർക്ക് കൊടുത്തിരുന്ന ദേശത്തേക്ക് നിന്റെ ദൈവമായ യഹോവ നിന്നെ കൊണ്ടുവരും; നീ അത് വീണ്ടും കൈവശമാക്കും; അവൻ നിനക്കു നന്മചെയ്ത് നിന്റെ പിതാക്കന്മാരെക്കാൾ നിന്നെ വർദ്ധിപ്പിക്കും.
6 "നീ ജീവിച്ചിരിക്കേണ്ടതിന് നിന്റെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടുംകൂടെ സ്നേഹിക്കുവാൻ തക്കവണ്ണം നിന്റെ ദൈവമായ യഹോവ നിന്റെ ഹൃദയവും നിന്റെ സന്തതിയുടെ ഹൃദയവും പരിച്ഛേദന ചെയ്യും.