5 അപ്പോൾ ഫറവോന്റെ പുത്രി നദിയിൽ കുളിക്കുവാൻ വന്നു; അവളുടെ ദാസിമാർ നദീതീരത്തുകൂടി നടന്നു; അവൾ ഞാങ്ങണയുടെ ഇടയിൽ പെട്ടകം കണ്ടപ്പോൾ അത് എടുത്തുകൊണ്ടുവരുവാൻ ദാസിയെ അയച്ചു. 6 അവൾ അത് തുറന്നപ്പോൾ പൈതലിനെ കണ്ടു. കുട്ടി കരയുകയായിരുന്നു. അവൾക്ക് അതിനോട് അലിവുതോന്നി: "ഇത് എബ്രായരുടെ പൈതങ്ങളിൽ ഒന്നാകുന്നു" എന്നു പറഞ്ഞു.
7 അവന്റെ പെങ്ങൾ ഫറവോന്റെ പുത്രിയോട്: "ഈ പൈതലിന് മുലപ്പാൽ കൊടുക്കണ്ടതിന് ഒരു എബ്രായസ്ത്രീയെ ഞാൻ ചെന്നു വിളിച്ചുകൊണ്ടുവരണമോ?" എന്നു ചോദിച്ചു.
8 ഫറവോന്റെ പുത്രി അവളോട്: "ചെന്നു കൊണ്ടുവരുക" എന്നു പറഞ്ഞു. കന്യക ചെന്നു പൈതലിൻ്റെ അമ്മയെ വിളിച്ചുകൊണ്ടുവന്നു.
9 ഫറവോന്റെ പുത്രി അവളോട്: "നീ ഈ പൈതലിനെ കൊണ്ടുപോയി മുലപ്പാൽ കൊടുത്തു വളർത്തേണം; ഞാൻ നിനക്കു ശമ്പളം തരാം" എന്നു പറഞ്ഞു. സ്ത്രീ പൈതലിനെ എടുത്തുകൊണ്ടുപോയി മുലപ്പാൽ കൊടുത്തു വളർത്തി.