ദൈവം മോശെയെ വിളിക്കുന്നു
1 മോശെ മിദ്യാനിലെ പുരോഹിതനും തന്റെ അമ്മായപ്പനുമായ യിത്രോവിൻ്റെ ആടുകളെ മേയിച്ചുകൊണ്ടിരുന്നു; അവൻ ആടുകളെ മരുഭൂമിക്ക് അപ്പുറത്ത് കൊണ്ടു ചെന്നു. അങ്ങനെ ദൈവത്തിന്റെ പർവ്വതമായ3:1 ദൈവത്തിന്റെ വിശുദ്ധ പര്‍വതമായ ഹോരേബ് വരെ എത്തി. 2 അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപടർപ്പിൻ്റെ നടുവിൽനിന്ന് അഗ്നിജ്വാലയിൽ അവനു പ്രത്യക്ഷനായി. അവൻ നോക്കിയപ്പോൾ മുൾപടർപ്പ് തീ പിടിച്ചു കത്തുന്നതും മുൾപടർപ്പ് എരിഞ്ഞുപോകാതിരിക്കുന്നതും കണ്ടു. 3 "മുൾപടർപ്പ് എരിഞ്ഞുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്താണ് എന്നു ഞാൻ ചെന്നു നോക്കട്ടെ" എന്നു മോശെ പറഞ്ഞു.
4 അത് നോക്കേണ്ടതിന് മോശെ വരുന്നത് യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിൻ്റെ നടുവിൽനിന്ന്, അവനെ "മോശെ, മോശെ" എന്നു വിളിച്ചു.
അതിന് അവൻ: "ഇതാ, ഞാൻ" എന്നു പറഞ്ഞു.
5 അപ്പോൾ ദൈവം: "ഇങ്ങോട്ടടുത്ത് വരരുത്; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്ന് ചെരിപ്പ് അഴിച്ചുകളയുക" എന്നു കല്പിച്ചു. 6 "ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു" എന്നും അവിടുന്ന് അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ട് മുഖം മൂടി.