പാപത്തിന്റെ ആരംഭം
1 യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പ് കൗശലമേറിയതായിരുന്നു. അത് സ്ത്രീയോട്: "തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ?" എന്നു ചോദിച്ചു.
2 സ്ത്രീ പാമ്പിനോട്: "തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങൾക്കു തിന്നാം; 3 എന്നാൽ നിങ്ങൾ മരിക്കാതിരിക്കേണ്ടതിനു തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുത്, തൊടുകയും അരുത് എന്നു ദൈവം കല്പിച്ചിട്ടുണ്ട്" എന്നു പറഞ്ഞു.
4 പാമ്പ് സ്ത്രീയോട്: "നിങ്ങൾ മരിക്കുകയില്ല നിശ്ചയം; 5 അത് തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണ് തുറക്കുകയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു" എന്നു പറഞ്ഞു.