7 യോസേഫ് സുന്ദരനും സുമുഖനും ആയിരുന്നതുകൊണ്ട് യജമാനന്റെ ഭാര്യക്ക് അവനോട് അനുരാഗം തോന്നി: "എന്നോടുകൂടെ ശയിക്ക" എന്നു അവൾ പറഞ്ഞു.
8 അവൻ അതിന് വിസമ്മതിച്ചു യജമാനന്റെ ഭാര്യയോട്: "ഇതാ, വീട്ടിൽ എന്റെ കൈവശമുള്ള യാതൊന്നും എന്റെ യജമാനൻ അറിയുന്നില്ല; തനിക്കുള്ള സകലതും എന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു. 9 ഈ വീട്ടിൽ എന്നെക്കാൾ വലിയവനില്ല; നീ അവന്റെ ഭാര്യ ആയതിനാൽ നിന്നെയല്ലാതെ മറ്റു യാതൊന്നും അവൻ എനിക്ക് വിലക്കിയിട്ടുമില്ല; അതുകൊണ്ട് ഞാൻ ഈ മഹാദോഷം പ്രവർത്തിച്ച് ദൈവത്തോടു പാപം ചെയ്യുന്നത് എങ്ങനെ?" എന്നു പറഞ്ഞു. 10 അവൾ അനുദിനം യോസേഫിനോടു പറഞ്ഞിട്ടും അവളോടുകൂടെ ശയിക്കുവാനോ അവളുടെ അരികിൽ ഇരിക്കുവാനോ അവൻ അവളെ അനുസരിച്ചില്ല.
11 ഒരു ദിവസം യോസേഫ് തന്റെ ജോലി ചെയ്യുവാൻ വീടിനകത്തു ചെന്നു; വീട്ടിലുള്ളവർ ആരും അവിടെ ഇല്ലായിരുന്നു. 12 അവൾ അവന്റെ വസ്ത്രം പിടിച്ചു: "എന്നോട് കൂടെ ശയിക്കുക" എന്നു പറഞ്ഞു: എന്നാൽ അവൻ തന്റെ വസ്ത്രം അവളുടെ കയ്യിൽ വിട്ടിട്ട് പുറത്തേക്ക് ഓടിക്കളഞ്ഞു.