യോസേഫ് സ്വയം വെളിപ്പെടുത്തുന്നു
1 അപ്പോൾ ചുറ്റും നില്ക്കുന്നവരുടെ മുമ്പിൽ സ്വയം നിയന്ത്രിക്കുവാൻ കഴിയാതെ: "എല്ലാവരും എന്റെ അടുക്കൽനിന്ന് പുറത്ത് പോകുവിൻ" എന്നു യോസേഫ് വിളിച്ചുപറഞ്ഞു. ഇങ്ങനെ യോസേഫ് തന്റെ സഹോദരന്മാർക്കു തന്നെ വെളിപ്പെടുത്തിയപ്പോൾ വേറെ ആരും അവന്റെ അടുക്കൽ ഉണ്ടായിരുന്നില്ല. 2 അവൻ ഉച്ചത്തിൽ കരഞ്ഞു; മിസ്രയീമ്യരും ഫറവോന്റെ കുടുംബവും അത് കേട്ടു.
3 യോസേഫ് സഹോദരന്മാരോട്: "ഞാൻ യോസേഫ് ആകുന്നു; എന്റെ അപ്പൻ ജീവനോടിരിക്കുന്നുവോ" എന്നു പറഞ്ഞു. അവന്റെ സഹോദരന്മാർ അവന്റെ സന്നിധിയിൽ ഭ്രമിച്ചുപോയതുകൊണ്ട് അവനോട് ഉത്തരം പറയുവാൻ അവർക്ക് കഴിഞ്ഞില്ല.