യേശു ശിഷ്യന്മാരുടെ കാൽ കഴുകുന്നു
1 താൻ ഈ ലോകം വിട്ടു പിതാവിന്റെ അടുക്കൽ പോകുവാനുള്ള നാഴിക വന്നു എന്നു പെസഹാ പെരുന്നാളിന് മുമ്പെ യേശു അറിഞ്ഞിട്ട്, ലോകത്തിൽ തനിക്കു സ്വന്തമായവരെ സ്നേഹിച്ചു; അവസാനത്തോളം അവരെ സ്നേഹിച്ചു.
2 അത്താഴം ആയപ്പോൾ പിശാച്, ശിമോന്റെ മകനായ യൂദാ ഈസ്കര്യോത്താവിൻ്റെ ഹൃദയത്തിൽ യേശുവിനെ ഒറ്റികൊടുക്കുവാൻ തോന്നിച്ചിരുന്നു; 3 പിതാവ് സകലവും തന്റെ കയ്യിൽ തന്നിരിക്കുന്നു എന്നും താൻ ദൈവത്തിന്റെ അടുക്കൽനിന്ന് വന്നു ദൈവത്തിന്റെ അടുക്കൽ പോകുന്നു എന്നും യേശു അറിഞ്ഞിരുന്നു. 4 അവൻ അത്താഴത്തിൽ നിന്നു എഴുന്നേറ്റ് മേൽവസ്ത്രം ഊരിവച്ച് ഒരു തുവർത്ത് എടുത്തു അരയിൽ ചുറ്റി 5 ഒരു പാത്രത്തിൽ വെള്ളം പകർന്നു ശിഷ്യന്മാരുടെ കാൽ കഴുകുവാനും അരയിൽ ചുറ്റിയിരുന്ന തുണികൊണ്ട് തുവർത്തുവാനും തുടങ്ങി.