12 ഈ വാക്കുനിമിത്തം പീലാത്തോസ് അവനെ വിട്ടയപ്പാൻ ശ്രമിച്ചു. യെഹൂദന്മാരോ: "നീ ഇവനെ വിട്ടയച്ചാൽ കൈസരുടെ സ്നേഹിതൻ അല്ല; തന്നെത്താൻ രാജാവാക്കുന്നവൻ എല്ലാം കൈസരോട് മത്സരിക്കുന്നുവല്ലോ" എന്നു ആർത്തു പറഞ്ഞു.
യേശുവിനെ ക്രൂശിക്കേണ്ടതിന് ഏൽപ്പിക്കുന്നു
13 ഈ വാക്കുകൾ കേട്ടപ്പോൾ പീലാത്തോസ് യേശുവിനെ പുറത്തു കൊണ്ടുവന്നു, ‘കല്ത്തളമെന്നും’ എബ്രായ ഭാഷയിൽ ‘ഗബ്ബഥാ’ എന്നും വിളിക്കപ്പെടുന്ന സ്ഥലത്തുള്ള ന്യായാസനത്തിൽ ഇരുന്നു. 14 അപ്പോൾ പെസഹയുടെ ഒരുക്കനാൾ ഏകദേശം ആറാം മണിനേരം ആയിരുന്നു. അവൻ യെഹൂദന്മാരോട്: "ഇതാ, നിങ്ങളുടെ രാജാവ്" എന്നു പറഞ്ഞു.
15 അവരോ: "അവനെ കൊണ്ടുപോക, അവനെ കൊണ്ടുപോക; അവനെ ക്രൂശിയ്ക്ക!" എന്നു നിലവിളിച്ചു.
"നിങ്ങളുടെ രാജാവിനെ ഞാൻ ക്രൂശിക്കേണമോ?" എന്നു പീലാത്തോസ് അവരോട് ചോദിച്ചു;
അതിന് മുഖ്യപുരോഹിതന്മാർ: "ഞങ്ങൾക്കു കൈസരല്ലാതെ മറ്റൊരു രാജാവില്ല" എന്നു ഉത്തരം പറഞ്ഞു.
16 അപ്പോൾ അവൻ യേശുവിനെ ക്രൂശിക്കേണ്ടതിന് അവർക്ക് ഏല്പിച്ചുകൊടുത്തു.