യേശുവിനെ സംസ്കരിക്കുന്നു
38 അനന്തരം, യെഹൂദന്മാരെ പേടിച്ചിട്ട് രഹസ്യത്തിൽ യേശുവിന്റെ ഒരു ശിഷ്യനായിരുന്ന അരിമത്ഥ്യയിലെ യോസേഫ് യേശുവിന്റെ ശരീരം എടുത്തു കൊണ്ടുപോകുവാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവദിച്ചപ്പോൾ അവൻ വന്നു അവന്റെ ശരീരം എടുത്തു. 39 യേശുവിന്‍റെ അടുക്കൽ ആദ്യം രാത്രിയിൽ വന്ന നിക്കോദെമോസും ഏകദേശം നൂറു റാത്തൽ മൂറും അകിലും കൊണ്ടുള്ള ഒരു കൂട്ട് കൊണ്ടുവന്നു. 40 അവർ യേശുവിന്റെ ശരീരം എടുത്തു യെഹൂദന്മാർ ശവം അടക്കുന്ന മര്യാദപ്രകാരം അതിനെ സുഗന്ധവർഗ്ഗത്തോടുകൂടെ ശീലപൊതിഞ്ഞു കെട്ടി. 41 അവനെ ക്രൂശിച്ച സ്ഥലത്തുതന്നെ ഒരു തോട്ടവും ആ തോട്ടത്തിൽ മുമ്പെ ആരെയും വെച്ചിട്ടില്ലാത്ത പുതിയൊരു കല്ലറയും ഉണ്ടായിരുന്നു. 42 യെഹൂദന്മാരുടെ ഒരുക്കനാൾ ആയിരുന്നതുകൊണ്ടും ആ കല്ലറ സമീപം ആയിരുന്നതുകൊണ്ടും അവർ യേശുവിനെ അതിൽ വച്ചു.