യേശു തിബര്യാസ് കടല്ക്കരയിൽവച്ച് പ്രത്യക്ഷപ്പെടുന്നു
1 അതിന്റെശേഷം യേശു പിന്നെയും തിബര്യാസ് കടല്ക്കരയിൽവച്ച് ശിഷ്യന്മാർക്ക് പ്രത്യക്ഷനായി; പ്രത്യക്ഷനായത് ഈ വിധം ആയിരുന്നു: 2 ശിമോൻ പത്രൊസും ദിദിമൊസ് എന്ന തോമസും ഗലീലയിലുള്ള കാനയിലെ നഥനയേലും സെബെദിമക്കളും യേശുവിന്റെ ശിഷ്യന്മാരിൽ വേറെ രണ്ടുപേരും ഒരുമിച്ചു കൂടിയിരുന്നു.
3 ശിമോൻ പത്രൊസ് അവരോട്: "ഞാൻ മീൻ പിടിപ്പാൻ പോകുന്നു" എന്നു പറഞ്ഞു; "ഞങ്ങളും പോരുന്നു" എന്നു അവർ പറഞ്ഞു. അവർ പുറപ്പെട്ടു പടക് കയറി പോയി; എന്നാൽ ആ രാത്രിയിൽ അവർക്ക് ഒന്നും കിട്ടിയില്ല.
4 പുലർച്ച ആയപ്പോൾ യേശു കരയിൽ നിന്നിരുന്നു; യേശു ആകുന്നു എന്നു ശിഷ്യന്മാർ അറിഞ്ഞില്ല.
5 യേശു അവരോട്: കുഞ്ഞുങ്ങളെ, നിങ്ങൾക്ക് കഴിക്കുവാൻ വല്ലതും ഉണ്ടോഎന്നു ചോദിച്ചു;
"ഇല്ല" എന്നു അവർ ഉത്തരം പറഞ്ഞു.
6 പടകിൻ്റെ വലത്തുഭാഗത്ത് വല വീശുവിൻ; എന്നാൽ നിങ്ങൾക്ക് കിട്ടുംഎന്നു അവൻ അവരോട് പറഞ്ഞു; അവർ വീശി, മീനിൻ്റെ പെരുപ്പം ഹേതുവായി അത് വലിക്കുവാൻ കഴിഞ്ഞില്ല.
7 യേശു സ്നേഹിച്ച ശിഷ്യൻ പത്രൊസിനോട്: "അത് കർത്താവ് ആകുന്നു" എന്നു പറഞ്ഞു; "കർത്താവ് ആകുന്നു" എന്നു ശിമോൻ പത്രൊസ് കേട്ടപ്പോൾ, താൻ അല്പം വസ്ത്രം മാത്രം ധരിച്ചിരുന്നതുകൊണ്ട്; തന്റെ പുറംവസ്ത്രമെടുത്ത് അരയിൽ ചുറ്റി കടലിൽ ചാടി. 8 മറ്റുള്ള ശിഷ്യന്മാർ കരയിൽ നിന്നു ഏകദേശം ഇരുനൂറ് മുഴത്തിൽ അധികം ദൂരത്തല്ലായ്കയാൽ മീൻ നിറഞ്ഞ വല ഇഴച്ചുംകൊണ്ട് പടകിൽ വന്നു. 9 കരയ്ക്ക് ഇറങ്ങിയപ്പോൾ അവർ തീക്കനലും അതിന്മേൽ മീൻ വെച്ചിരിക്കുന്നതും അപ്പവും കണ്ടു.
10 യേശു അവരോട്: ഇപ്പോൾ പിടിച്ച മീൻ ചിലത് കൊണ്ടുവരുവിൻ എന്നു പറഞ്ഞു. 11 ശിമോൻ പത്രൊസ് കയറി നൂറ്റമ്പത്തി മൂന്നു വലിയ മീൻ നിറഞ്ഞ വല കരയ്ക്ക് വലിച്ചുകയറ്റി; അത്രയധികം ഉണ്ടായിരുന്നിട്ടും വല കീറിയില്ല.