കുരുടന് കാഴ്ച ലഭിക്കുന്നു
1 യേശു കടന്നുപോകുമ്പോൾ ജന്മനാ കുരുടനായൊരു മനുഷ്യനെ കണ്ടു. 2 അവന്റെ ശിഷ്യന്മാർ അവനോട്: "റബ്ബീ, ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആർ പാപംചെയ്തു? ഇവനോ ഇവന്റെ മാതാപിതാക്കളോ?" എന്നു ചോദിച്ചു.
3 അതിന് യേശു: അവനോ അവന്റെ മാതാപിതാക്കളോ പാപം ചെയ്തിട്ടല്ല, ദൈവപ്രവൃത്തി അവനിൽ വെളിപ്പെടേണ്ടതിനത്രേ. 4 എന്നെ അയച്ചവൻ്റെ പ്രവൃത്തി പകൽ ഉള്ളിടത്തോളം നാം ചെയ്യേണ്ടതാകുന്നു; ആർക്കും പ്രവർത്തിക്കുവാൻ കഴിയാത്ത രാത്രി വരുന്നു. 5 ഞാൻ ലോകത്തിൽ ആയിരിക്കുമ്പോൾ ലോകത്തിന്റെ വെളിച്ചം ആകുന്നു എന്നു ഉത്തരം പറഞ്ഞു.
6 ഇങ്ങനെ പറഞ്ഞിട്ട് അവൻ നിലത്തു തുപ്പി തുപ്പൽകൊണ്ട് ചേറുണ്ടാക്കി ചേറ് അവന്റെ കണ്ണിന്മേൽ തേച്ചു: 7 നീ ചെന്നു ശിലോഹാം കുളത്തിൽ കഴുകുക എന്നു അവനോട് പറഞ്ഞു. ശിലോഹാം എന്നതിന് അയയ്ക്കപ്പെട്ടവൻ എന്നർത്ഥം. അവൻ പോയി കഴുകി, കണ്ണ് കാണുന്നവനായി മടങ്ങിവന്നു.