ശിംശോൻ ഗസ്സയിൽ
1 അനന്തരം ശിംശോൻ ഫെലിസ്ത്യ പട്ടണമായ ഗസ്സയിൽ ചെന്നു അവിടെ ഒരു വേശ്യയെ കണ്ടു അവളുടെ അടുക്കൽ ചെന്നു. 2 "ശിംശോൻ ഇവിടെ വന്നിരിക്കുന്നു" എന്നു ഗസ്യർക്ക് അറിവ് കിട്ടിയപ്പോൾ, അവർ വന്ന് ആ സ്ഥലം വളഞ്ഞ് അവനെ പിടിപ്പാൻ രാത്രിമുഴുവനും പട്ടണവാതില്ക്കൽ പതിയിരുന്നു. "നേരം വെളുക്കുമ്പോൾ അവനെ കൊന്നുകളയാം" എന്നു പറഞ്ഞ് രാത്രിമുഴുവനും അനങ്ങാതിരുന്നു.
3 ശിംശോൻ അർദ്ധരാത്രിവരെ കിടന്നുറങ്ങി. പിന്നീട് എഴുന്നേറ്റ് പട്ടണവാതിലിന്റെ കതകും കട്ടളക്കാൽ രണ്ടും ഓടാമ്പലോടുകൂടെ പറിച്ചെടുത്ത് ചുമലിൽ വച്ചു ഹെബ്രോനെതിരെയുള്ള മലമുകളിൽ കൊണ്ടുപോയി.