ധനവാനും ലാസറും
19 ഒരിടത്ത് ധനവാനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ ധൂമ്രവസ്ത്രവും പട്ടും 16:19 വിലകൂടിയ വസ്ത്രങ്ങൾ ധരിച്ചു ദിനമ്പ്രതി ആഡംബരത്തോടെ ജീവിച്ചിരുന്നു. 20 ലാസർ എന്നു പേരുള്ള ഒരു ദരിദ്രൻ ഉണ്ടായിരുന്നു. അവന്റെ ശരീരം മുഴുവൻ വ്രണങ്ങൾ16:20 മുറിവ് നിറഞ്ഞിരുന്നു. അവൻ ധനവാന്റെ പടിപ്പുരയ്ക്കൽ ആയിരുന്നു കിടന്നിരുന്നത് 21 ധനവാന്റെ മേശയിൽ നിന്നു വീഴുന്നത് തിന്നു വിശപ്പടക്കുവാൻ ആഗ്രഹിച്ചു; നായ്ക്കളും വന്നു അവന്റെ വ്രണം നക്കും. 22 ആ ദരിദ്രൻ മരിച്ചപ്പോൾ ദൂതന്മാർ അവനെ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി. 23 ധനവാനും മരിച്ചു അടക്കപ്പെട്ടു; പാതാളത്തിൽ കഷ്ടത അനുഭവിക്കുമ്പോൾ മേലോട്ടു നോക്കി ദൂരത്ത് നിന്നു അബ്രാഹാമിനെയും അവന്റെ മടിയിൽ ലാസറിനെയും കണ്ടു: 24 അബ്രാഹാംപിതാവേ, എന്നോട് കനിവുണ്ടാകേണമേ; ലാസർ വിരലിൻ്റെ അറ്റം വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന് അവനെ അയയ്ക്കേണമേ; ഞാൻ ഈ ജ്വാലയിൽ കിടന്ന് വേദന അനുഭവിക്കുന്നു എന്നു വിളിച്ചു പറഞ്ഞു.
25 അബ്രാഹാം: മകനേ, നിന്റെ ആയുസ്സിൽ നീ നന്മയും ലാസർ തിന്മയും പ്രാപിച്ചു എന്നു ഓർക്ക; ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു: നീയോ വേദന അനുഭവിക്കുന്നു. 26 അത്രയുമല്ല ഞങ്ങൾക്കും നിങ്ങൾക്കും നടുവെ വലിയൊരു പിളർപ്പുണ്ടാക്കിയിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുക്കൽ കടന്നുവരുവാൻ ആഗ്രഹിക്കുന്നവർക്ക് സാധിക്കുകയില്ല; അവിടെനിന്ന് ഞങ്ങളുടെ അടുക്കൽ കടന്നു വരുവാനും സാധ്യമല്ല എന്നു പറഞ്ഞു.
27 അതിന് അവൻ: എന്നാൽ പിതാവേ, അവനെ എന്റെ പിതാവിന്റെ വീട്ടിൽ അയയ്ക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു; 28 എനിക്ക് അഞ്ചു സഹോദരന്മാർ ഉണ്ട്; അവരും ഈ യാതനാസ്ഥലത്തു വരാതിരിപ്പാൻ അവൻ അവരോട് സാക്ഷ്യം പറയട്ടെ എന്നു പറഞ്ഞു.
29 അബ്രാഹാം അവനോട്: അവർക്ക് മോശെയും പ്രവാചകന്മാരും ഉണ്ടല്ലോ; അവരുടെ വാക്ക് അവർ കേൾക്കട്ടെ എന്നു പറഞ്ഞു.
30 അതിന് അവൻ: അങ്ങനെ അല്ല, അബ്രാഹാംപിതാവേ, മരിച്ചവരിൽനിന്ന് ഒരുവൻ എഴുന്നേറ്റ് അവരുടെ അടുക്കൽ ചെന്നു എങ്കിൽ അവർ മാനസാന്തരപ്പെടും എന്നു പറഞ്ഞു.
31 അവൻ അവനോട്: അവർ മോശെയുടെയും പ്രവാചകന്മാരുടെയും വാക്ക് കേൾക്കാഞ്ഞാൽ മരിച്ചവരിൽ നിന്നു ഒരുവൻ എഴുന്നേറ്റ് ചെന്നാലും വിശ്വസിക്കയില്ല എന്നു പറഞ്ഞു.