13 അന്നുതന്നെ അവരിൽ രണ്ടുപേർ യെരൂശലേമിൽ നിന്നു ഏഴു നാഴിക24:13 11 കിലോമീറ്റർ ദൂരമുള്ള എമ്മവുസ്സ് എന്ന ഗ്രാമത്തിലേക്ക് പോകുന്ന വഴിയിൽ 14 ഈ സംഭവിച്ചതിനെക്കുറിച്ച് ഒക്കെയും തമ്മിൽ സംസാരിച്ചുകൊണ്ടിരുന്നു. 15 സംസാരിച്ചും ചോദിച്ചും കൊണ്ടിരിക്കുമ്പോൾ യേശുവും അടുത്തുചെന്ന് അവരോട് ചേർന്നുനടന്നു. 16 യേശുവിനെ തിരിച്ചറിയാതിരിക്കാനായി അവരുടെ കണ്ണ് മറച്ചിരുന്നു.
17 അവൻ അവരോട്: നിങ്ങൾ വഴിനടന്നു തമ്മിൽ തർക്കിക്കുന്ന ഈ കാര്യം എന്ത്? എന്നു ചോദിച്ചു;
അവർ വാടിയ മുഖത്തോടെ നിന്നു. 18 അവരിൽ ക്ലെയോപ്പാവ് എന്നു പേരുള്ളവൻ: "യെരൂശലേം നിവാസികളിൽ ഈ നാളുകളിൽ അവിടെ സംഭവിച്ച കാര്യം അറിയാതിരിക്കുന്നത് നീ മാത്രം ആകുന്നു" പറഞ്ഞു.
19 ഏത് കാര്യം എന്നു അവൻ അവരോട് ചോദിച്ചതിന് അവർ അവനോട് പറഞ്ഞത്: "ദൈവത്തിനും സകലജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെക്കുറിച്ചുള്ളതു തന്നെ. 20 നമ്മുടെ മഹാപുരോഹിതന്മാരും പ്രമാണികളും അവനെ മരണവിധിക്കു ഏല്പിച്ചു ക്രൂശിച്ചു. 21 ഞങ്ങളോ അവൻ യിസ്രായേലിനെ വീണ്ടെടുപ്പാനുള്ളവൻ എന്നു ആശിച്ചിരുന്നു; അത്രയുമല്ല, ഇതു സംഭവിച്ചിട്ട് ഇന്ന് മൂന്നുനാൾ കഴിഞ്ഞു. 22 ഞങ്ങളുടെ കൂട്ടത്തിൽ ചില സ്ത്രീകൾ രാവിലെ കല്ലറയ്ക്കൽ പോയി 23 പക്ഷേ അവന്റെ ശരീരം കാണാതെ മടങ്ങിവന്നു. അവൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞ ദൂതന്മാരുടെ ദർശനം കണ്ടു എന്നു പറഞ്ഞു. 24 ഞങ്ങളുടെ കൂട്ടത്തിൽ ചിലർ കല്ലറയ്ക്കൽ ചെന്നു സ്ത്രീകൾ പറഞ്ഞതുപോലെ തന്നെ യേശുവിനെ കണ്ടില്ലതാനും."
25 അവൻ അവരോട്: "അയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാർ പറഞ്ഞിരിക്കുന്നത് എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ, 26 ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ട് തന്റെ മഹത്വത്തിൽ പ്രവേശിക്കേണ്ടതല്ലയോ" എന്നു പറഞ്ഞു, 27 മോശെ തുടങ്ങി എല്ലാ പ്രവാചകന്മാരിൽ നിന്നും എല്ലാ തിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളത് യേശു അവർക്ക് വ്യക്തമാക്കി കൊടുത്തു.
28 അവർക്ക് പോകേണ്ടിയിരുന്ന ഗ്രാമത്തോട് അടുത്തപ്പോൾ യേശു മുമ്പോട്ടു പോകുന്ന ഭാവം കാണിച്ചു. 29 അവരോ: ഞങ്ങളോടുകൂടെ താമസിക്കുക; നേരം വൈകി അസ്തമിക്കാറായല്ലോ എന്നു പറഞ്ഞു അവനെ നിര്ബ്ബന്ധിച്ചു; അവൻ അവരോടുകൂടെ താമസിക്കുവാൻ ചെന്നു. 30 അവരുമായി ഭക്ഷണത്തിന് ഇരിക്കുമ്പോൾ യേശു അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി അവർക്ക് കൊടുത്തു. 31 ഉടനെ അവരുടെ കണ്ണ് തുറന്നു അവർ യേശുവിനെ തിരിച്ചറിഞ്ഞു; അവൻ അവർക്ക് അപ്രത്യക്ഷനായി 32 അവൻ വഴിയിൽ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ വ്യക്തമാക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ലയോ എന്നു അവർ തമ്മിൽ പറഞ്ഞു. 33 അപ്പോൾ തന്നെ അവർ എഴുന്നേറ്റ് യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
34 കർത്താവ് നിശ്ചയമായി ഉയിർത്തെഴുന്നേറ്റു ശിമോന് പ്രത്യക്ഷനായി എന്നു കൂടിയിരുന്നു പറയുന്ന പതിനൊന്നു ശിഷ്യരെയും കൂടെയുള്ളവരെയും കണ്ടു. 35 വഴിയിൽവച്ച് സംഭവിച്ചതും അവൻ അപ്പം നുറുക്കിയപ്പോൾ തങ്ങൾക്കു യേശുവിനെ മനസ്സിലായതും അവർ വിവരിച്ചു പറഞ്ഞു.