ശതാധിപൻ്റെ വിശ്വാസം
1 തന്റെ വചനങ്ങളെ ജനങ്ങളോട് അറിയിച്ചുതീർന്നശേഷം യേശു കഫർന്നഹൂമിൽ ചെന്നു. 2 അവിടെയുള്ള ശതാധിപൻ്റെ പ്രിയനായ ഒരു ദാസൻ അസുഖം പിടിച്ച് മരിക്കാറായിരുന്നു. 3 ശതാധിപൻ യേശുവിനെക്കുറിച്ച് കേട്ടിട്ടു, യേശു വന്നു തന്റെ ദാസനെ രക്ഷിക്കുന്നതിനായി അപേക്ഷിക്കുവാൻ, യെഹൂദന്മാരുടെ മൂപ്പന്മാരെ അവന്റെ അടുക്കൽ അയച്ചു. 4 അവർ യേശുവിന്റെ അടുക്കൽ വന്നു അവനോട് താല്പര്യമായി അപേക്ഷിച്ചു: "നീ അത് ചെയ്തുകൊടുപ്പാൻ അവൻ യോഗ്യൻ; 5 അവൻ നമ്മുടെ ജനത്തെ സ്നേഹിക്കുന്നു; ഞങ്ങൾക്കു ഒരു പള്ളിയും പണിതു തന്നിരിക്കുന്നു" എന്നു പറഞ്ഞു.
6 യേശു അവരോടുകൂടെ പോയി, വീടിനോട് അടുക്കാറായപ്പോൾ ശതാധിപൻ സ്നേഹിതന്മാരെ അവന്റെ അടുക്കൽ അയച്ചു: "കർത്താവേ, പ്രയാസപ്പെടേണ്ടാ; നീ എന്റെ വീട്ടിൽ വരുവാനുള്ള യോഗ്യത എനിക്കില്ല; 7 നിന്റെ അടുക്കൽ വരുവാൻ ഞാൻ യോഗ്യൻ എന്നു എനിക്ക് തോന്നീട്ടുമില്ല; ഒരു വാക്ക് കല്പിച്ചാൽ എന്റെ ദാസന് സൗഖ്യം വരും. 8 ഞാനും അധികാരത്തിന് കീഴിലുള്ള മനുഷ്യൻ ആണ്; എന്റെ കീഴിലും പടയാളികൾ ഉണ്ട്; ഒരുവനോട് പോക എന്നു പറഞ്ഞാൽ അവൻ പോകുന്നു; മറ്റൊരുവനോട് വരിക എന്നു പറഞ്ഞാൽ അവൻ വരുന്നു; എന്റെ ദാസനോട്: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു" എന്നു പറയിച്ചു.
9 യേശു അത് കേട്ടിട്ടു ആശ്ചര്യപ്പെട്ടു തിരിഞ്ഞുനോക്കി, തന്നെ അനുഗമിക്കുന്ന കൂട്ടത്തോട്: യിസ്രായേലിൽകൂടെ ഇങ്ങനെയുള്ള വിശ്വാസം ഞാൻ കണ്ടിട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. 10 ശതാധിപൻ പറഞ്ഞയച്ചിരുന്നവർ വീട്ടിൽ മടങ്ങിവന്നപ്പോൾ ദാസനെ സൗഖ്യത്തോടെ കണ്ടു.