40 യേശു മടങ്ങിവന്നപ്പോൾ പുരുഷാരം അവനെ സന്തോഷത്തോടെ സ്വീകരിച്ചു; അവർ എല്ലാവരും യേശുവിനായി കാത്തിരിക്കുകയായിരുന്നു. 41 അപ്പോൾ പള്ളിപ്രമാണിയായ യായിറോസ് എന്നു പേരുള്ളോരു മനുഷ്യൻ വന്നു യേശുവിന്റെ കാല്ക്കൽ വീണു. 42 അവനു ഏകദേശം പന്ത്രണ്ടു വയസ്സുള്ള ഏകജാതയായൊരു മകൾ ഉണ്ടായിരുന്നു; അവൾ മരിക്കാറായതു കൊണ്ടു തന്റെ വീട്ടിൽ വരേണം എന്നു അവനോട് അപേക്ഷിച്ചു; അവൻ പോകുമ്പോൾ പുരുഷാരം അവനെ ഞെരുക്കിക്കൊണ്ടിരുന്നു.
43 അന്നു പന്ത്രണ്ടു വർഷമായി രക്തസ്രവമുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നു. അവൾ തന്റെ പണം എല്ലാം വൈദ്യന്മാർക്ക് കൊടുത്തിട്ടും ആർക്കും സൗഖ്യം വരുത്തുവാൻ സാധിച്ചിരുന്നില്ല 44 അവൾ യേശുവിന്റെ പുറകിൽ അടുത്തുചെന്ന് അവന്റെ വസ്ത്രത്തിന്റെ അറ്റത്ത് തൊട്ടു ഉടനെ അവളുടെ രക്തസ്രവം നിന്നു.
45 എന്നെ തൊട്ടത് ആർ എന്നു യേശു ചോദിച്ചു. എല്ലാവരും ഞാനല്ല, ഞാനല്ല എന്നു പറഞ്ഞപ്പോൾ: "ഗുരോ, പുരുഷാരം നിന്നെ തിക്കിത്തിരക്കുന്നു" എന്നു പത്രൊസും കൂടെയുള്ളവരും പറഞ്ഞു.
46 യേശുവോ: ഒരാൾ എന്നെ തൊട്ടു; എന്നിൽനിന്ന് ശക്തി പുറപ്പെട്ടത് ഞാൻ അറിഞ്ഞു എന്നു പറഞ്ഞു.
47 താൻ മറഞ്ഞിരിക്കുന്നില്ല എന്നു സ്ത്രീ കണ്ടു വിറച്ചുംകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു, അവനെ തൊട്ട സംഗതിയും തൽക്ഷണം സൗഖ്യമായതും സകലജനവും കേൾക്കെ അറിയിച്ചു. 48 അവൻ അവളോട്: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.
49 അവൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ പള്ളിപ്രമാണിയുടെ വീട്ടിൽനിന്നു ഒരാൾ വന്നു: "നിന്റെ മകൾ മരിച്ചുപോയി; ഗുരുവിനെ പ്രയാസപ്പെടുത്തേണ്ടാ" എന്നു പറഞ്ഞു.
50 യേശു അതുകേട്ടപ്പോൾ: ഭയപ്പെടേണ്ടാ, വിശ്വസിച്ചാൽ മതി എന്നാൽ അവൾ രക്ഷപെടും എന്നു അവനോട് ഉത്തരം പറഞ്ഞു.
51 വീട്ടിൽ എത്തിയപ്പോൾ പത്രൊസ്, യോഹന്നാൻ, യാക്കോബ് എന്നിവരെയും കുട്ടിയുടെ അപ്പനെയും അമ്മയെയും അല്ലാതെ ആരെയും അവൻ തന്നോടുകൂടെ അകത്ത് വരുവാൻ സമ്മതിച്ചില്ല. 52 എല്ലാവരും അവളെ ഓർത്തു കരയുകയും, ഉച്ചത്തിൽ നിലവിളിക്കുകയും ചെയ്യുമ്പോൾ: കരയണ്ട, അവൾ മരിച്ചില്ല, ഉറങ്ങുകയാണ് എന്നു അവൻ പറഞ്ഞു.
53 അവരോ അവൾ മരിച്ചുപോയി എന്നു അറിയുന്നതുകൊണ്ട് അവനെ പരിഹസിച്ചു. 54 എന്നാൽ യേശു അവളുടെ കൈയ്ക്ക് പിടിച്ച്; ബാലേ, എഴുന്നേല്ക്ക എന്നു അവളോട് ഉറക്കെ പറഞ്ഞു. 55 അവളുടെ ആത്മാവ് തിരിച്ചുവന്നു, അവൾ ഉടനെ എഴുന്നേറ്റു; അവൾക്ക് ഭക്ഷണം കൊടുക്കുവിൻ എന്നു അവൻ കല്പിച്ചു. 56 അവളുടെ അമ്മയപ്പന്മാർ വിസ്മയിച്ചു. സംഭവിച്ചത് ആരോടും പറയരുത് എന്നു അവൻ അവരോട് കല്പിച്ചു.