യേശു പന്ത്രണ്ടു ശിഷ്യന്മാരെ അയയ്ക്കുന്നു
1 അവൻ തന്റെ പന്ത്രണ്ടു ശിഷ്യരെയും അടുക്കൽ വിളിച്ചു, സകല ഭൂതങ്ങളെ പുറത്താക്കുവാനും രോഗങ്ങൾ സുഖമാക്കുവാനും അവർക്ക് ശക്തിയും അധികാരവും കൊടുത്തു; 2 ദൈവരാജ്യം പ്രസംഗിക്കുവാനും രോഗികളെ സുഖപ്പെടുത്തുവാനും അവരെ അയച്ചു. അവരോട് ഇപ്രകാരം പറഞ്ഞു: 3 നിങ്ങൾ യാത്ര ചെയ്യുമ്പോൾ വടിയും പണസഞ്ചിയും അപ്പവും പണവും ഒന്നും എടുക്കരുത്; രണ്ടു ഉടുപ്പും എടുക്കരുത്. 4 നിങ്ങൾ ഏത് വീട്ടിൽ ചെന്നാലും അവിടം വിട്ടുപോകുന്നതുവരെ അവിടെ മാത്രം താമസിക്കുക. 5 ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതിരുന്നാൽ ആ പട്ടണം വിട്ടു അവരുടെ നേരെ സാക്ഷ്യത്തിനായി നിങ്ങളുടെ കാലിൽനിന്ന് പൊടി തട്ടിക്കളവിൻ. 6 അവർ പുറപ്പെട്ടു എല്ലാ ഇടങ്ങളിലും സുവിശേഷം അറിയിച്ചും രോഗികളെ സുഖമാക്കിയുംകൊണ്ടു ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു.