യേശു ലെഗ്യോനെ പുറത്താക്കുന്നു
1 അവർ കടലിന്റെ അക്കരെ ഗദരദേശത്ത് എത്തി. 2 യേശു പടകിൽ നിന്ന് ഇറങ്ങിയ ഉടനെ അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ കല്ലറകളിൽ നിന്നു വന്നു അവനെ എതിരേറ്റു. 3 അവന്റെ താമസം കല്ലറകളിൽ ആയിരുന്നു; ആർക്കും അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചിടുവാൻ കഴിഞ്ഞിരുന്നില്ല. 4 പലപ്പോഴും അവനെ വിലങ്ങും ചങ്ങലയുക്കൊണ്ട് ബന്ധിച്ചിട്ടും അവൻ ചങ്ങല വലിച്ചുപൊട്ടിച്ചും വിലങ്ങുകൾ തകർത്തും കളഞ്ഞു; ആർക്കും അവനെ നിയന്ത്രിക്കുവാൻ കഴിഞ്ഞില്ല. 5 അവൻ രാവും പകലും കല്ലറകളിലും മലകളിലും ഇടവിടാതെ നിലവിളിച്ചും കല്ലുകൊണ്ടു തന്നെത്താൻ മുറിവേൽപ്പിച്ചും പോന്നു.
6 അവൻ യേശുവിനെ ദൂരത്തുനിന്ന് കണ്ടിട്ട് ഓടിച്ചെന്നു അവനെ നമസ്കരിച്ചു. 7 അവൻ ഉറക്കെ നിലവിളിച്ചു: "യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്ത്? ദൈവത്താണ, എന്നെ ദണ്ഡിപ്പിക്കരുതേ" എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു. 8 അശുദ്ധാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറപ്പെട്ടുപോക എന്നു യേശു കല്പിച്ചിരുന്നു.
9 നിന്റെ പേരെന്ത്? എന്നു അവനോട് ചോദിച്ചതിന്: "എന്റെ പേർ ലെഗ്യോൻ; ഞങ്ങൾ പലർ ആകുന്നു" എന്നു അവൻ ഉത്തരം പറഞ്ഞു; 10 ആ നാട്ടിൽ നിന്നു തങ്ങളെ അയച്ചുകളയാതിരിക്കുവാൻ അവൻ പലവട്ടം അപേക്ഷിച്ചു.
11 അവിടെ മലയരികെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. 12 "ആ പന്നികളിൽ കടക്കേണ്ടതിന് ഞങ്ങളെ അയയ്ക്കേണം" എന്നു അവർ അവനോട് അപേക്ഷിച്ചു.
13 അവൻ അനുവാദം കൊടുത്തു; അശുദ്ധാത്മാക്കൾ പുറത്തുവന്ന് പന്നികളിൽ കടന്നിട്ട് ആ പന്നിക്കൂട്ടം മലഞ്ചരിവിലൂടെ കടലിലേക്കു പാഞ്ഞുചെന്ന് മുങ്ങി ചത്തു. അവ ഏകദേശം രണ്ടായിരം പന്നികൾ ആയിരുന്നു.
14 പന്നികളെ മേയ്ക്കുന്നവർ ഓടിച്ചെന്നു പട്ടണത്തിലും നാട്ടിലും അറിയിച്ചു; സംഭവിച്ചത് കാണ്മാൻ പലരും പുറപ്പെട്ടു ചെന്നു. 15 അവർ യേശുവിന്റെ അടുക്കൽ വന്നു, ലെഗ്യോൻ ഉണ്ടായിരുന്ന ഭൂതഗ്രസ്തൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു. 16 കണ്ടവർ ഭൂതഗ്രസ്തനു സംഭവിച്ചതും പന്നികളുടെ കാര്യവും വരുന്നവരോട് അറിയിച്ചു. 17 അപ്പോൾ അവർ യേശുവിനോടു തങ്ങളുടെ പ്രദേശം വിട്ടുപോകുവാൻ അപേക്ഷിച്ചുതുടങ്ങി.
18 അവൻ പടക് കയറി പോകുവാൻ തുടങ്ങുമ്പോൾ ഭൂതഗ്രസ്തനായിരുന്നവൻ താനും കൂടെ പോരട്ടെ എന്നു അവനോട് അപേക്ഷിച്ചു. 19 യേശു അവനെ അനുവദിക്കാതെ: നിന്റെ വീട്ടിൽ നിനക്കുള്ളവരുടെ അടുക്കൽ ചെന്നു, കർത്താവ് നിനക്കു ചെയ്തതു ഒക്കെയും നിന്നോട് കരുണ കാണിച്ചതും പ്രസ്താവിക്ക എന്നു അവനോട് പറഞ്ഞു. 20 അവൻ പോയി യേശു തനിക്കു ചെയ്തതൊക്കെയും ദെക്കപ്പൊലിനാട്ടിൽ ഘോഷിച്ചു തുടങ്ങി; എല്ലാവരും ആശ്ചര്യപ്പെടുകയും ചെയ്തു.