രക്തസ്രവമുള്ള സ്ത്രീയെ സൗഖ്യമാക്കുന്നു
25 പന്ത്രണ്ടു വർഷമായിട്ട് രക്തസ്രവമുള്ള ഒരു സ്ത്രീ അവിടെ ഉണ്ടായിരുന്നു. 26 അവൾ പല വൈദ്യന്മാരാലുള്ള ചികിത്സകൊണ്ട് വളരെയധികം സഹിച്ചു തനിക്കുള്ളതൊക്കെയും ചെലവഴിച്ചിട്ടും ഒട്ടും ഭേദം വരാതെ ഏറ്റവും പരവശയായി തീർന്നിരുന്നു. 27 അവൾ യേശുവിനെകുറിച്ചുള്ള വർത്തമാനം കേട്ടു: 28 "അവന്റെ വസ്ത്രം എങ്കിലും തൊട്ടാൽ ഞാൻ സുഖപ്പെടും" എന്നു പറഞ്ഞു; അവൻ പുരുഷാരത്തിൽകൂടി നടക്കുമ്പോൾ അവന്റെ പുറകിൽ വന്നു അവന്റെ വസ്ത്രം തൊട്ടു. 29 ക്ഷണത്തിൽ അവളുടെ രക്തസ്രവം നിന്നു; ബാധ മാറി താൻ സ്വസ്ഥയായി എന്നു അവൾ തന്റെ ശരീരത്തിൽ അറിഞ്ഞു.
30 ഉടനെ യേശു തന്നിൽനിന്നു ശക്തി പുറപ്പെട്ടു എന്നു ഉള്ളിൽ അറിഞ്ഞിട്ട് പുരുഷാരത്തിൽ തിരിഞ്ഞു: എന്റെ വസ്ത്രം തൊട്ടത് ആർ എന്നു ചോദിച്ചു.
31 ശിഷ്യന്മാർ അവനോട്: പുരുഷാരം നിന്നെ ചുറ്റും തിക്കുന്നത് കണ്ടിട്ടും എന്നെ തൊട്ടത് ആർ എന്നു നീ ചോദിക്കുന്നുവോ? എന്നു പറഞ്ഞു.
32 അവനോ അത് ചെയ്തത് ആരാണെന്ന് കാണ്മാൻ ചുറ്റും നോക്കി. 33 സ്ത്രീ തനിക്കു സംഭവിച്ചത് അറിഞ്ഞിട്ട് ഭയപ്പെട്ടും വിറച്ചുംകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു വസ്തുത ഒക്കെയും അവനോട് പറഞ്ഞു. 34 അവൻ അവളോട്: മകളേ, നിന്റെ വിശ്വാസം നിന്നെ സുഖമാക്കിയിരിക്കുന്നു; സമാധാനത്തോടെ പോക, ബാധ ഒഴിഞ്ഞു ആരോഗ്യത്തോടിരിക്ക എന്നു പറഞ്ഞു.