യായിറോസിന്റെ മകളെ ഉയിർപ്പിക്കുന്നു
35 ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ പള്ളിപ്രമാണിയുടെ വീട്ടിൽനിന്നു ആൾ വന്നു: "നിന്റെ മകൾ മരിച്ചുപോയി; ഗുരുവിനെ ഇനി അസഹ്യപ്പെടുത്തുന്നത് എന്തിന്?" എന്നു പറഞ്ഞു.
36 യേശു ആ വാക്ക് കേട്ടു പള്ളിപ്രമാണിയോട്: ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക എന്നു പറഞ്ഞു.
37 പത്രൊസും യാക്കോബും യാക്കോബിന്റെ സഹോദരനായ യോഹന്നാനും അല്ലാതെ മറ്റാരും തന്നോടുകൂടെ ചെല്ലുവാൻ അവൻ സമ്മതിച്ചില്ല. 38 അവർ പള്ളിപ്രമാണിയുടെ വീട്ടിൽ വന്നപ്പോൾ, ആരവാരത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും യേശു കണ്ടു; 39 അകത്തു കടന്നു: നിങ്ങളുടെ ആരവാരവും കരച്ചിലും എന്തിന്? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയത്രേ എന്നു അവരോട് പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.
40 അവൻ അവരെല്ലാവരെയും പുറത്താക്കി കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടുകൂടെയുള്ളവരെയും കൂട്ടിക്കൊണ്ട് കുട്ടി കിടക്കുന്ന ഇടത്തുചെന്ന് കുട്ടിയുടെ കൈയ്ക്കു പിടിച്ചു: 41 ബാലേ, എഴുന്നേല്ക്ക എന്നു നിന്നോടു കല്പിക്കുന്നു എന്ന അർത്ഥത്തോടെ തലീഥാ കൂമി എന്നു അവളോടു പറഞ്ഞു. 42 ബാല ഉടനെ എഴുന്നേറ്റു നടന്നു; അവൾക്കു പന്ത്രണ്ടു വയസ്സായിരുന്നു; അവർ അത്യന്തം വിസ്മയിച്ചു. 43 "ഇതു ആരും അറിയരുത്" എന്നു അവൻ അവരോട് കർശനമായി കല്പിച്ചു. "അവൾക്കു ഭക്ഷിക്കുവാൻ കൊടുക്കേണം" എന്നും പറഞ്ഞു.