യേശു സ്വന്തദേശത്ത് അവഗണിയ്ക്കപ്പെടുന്നു
1 അവൻ അവിടെനിന്നു പുറപ്പെട്ടു, തന്റെ സ്വദേശത്തിൽ വന്നു; അവന്റെ ശിഷ്യന്മാർ അവനെ അനുഗമിച്ചു. 2 ശബ്ബത്തായപ്പോൾ അവൻ പള്ളിയിൽ വച്ചു ഉപദേശിച്ചു തുടങ്ങി; പലരും കേട്ടു വിസ്മയിച്ചു: "ഇവന് ഈ ഉപദേശങ്ങൾ എവിടെനിന്ന്? ഇവനു കിട്ടിയ ജ്ഞാനവും ഇവന്റെ കയ്യാൽ നടക്കുന്ന വീര്യപ്രവൃത്തികളും എന്ത്? 3 ഇവൻ മറിയയുടെ മകനും യാക്കോബ്, യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടുകൂടെ ഇല്ലയോ?" എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.
4 യേശു അവരോട്: ഒരു പ്രവാചകൻ തന്റെ ജന്മദേശത്തും ബന്ധുക്കളുടെ ഇടയിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല എന്നു പറഞ്ഞു. 5 ഏതാനും ചില രോഗികളുടെമേൽ കൈ വച്ചു സൗഖ്യം വരുത്തിയത് അല്ലാതെ അവിടെ വീര്യപ്രവൃത്തി ഒന്നും ചെയ്വാൻ അവനു കഴിഞ്ഞില്ല. 6 അവരുടെ അവിശ്വാസം ഹേതുവായി അവൻ ആശ്ചര്യപ്പെട്ടു.
അവൻ ചുറ്റുമുള്ള ഊരുകളിൽ ഉപദേശിച്ചുകൊണ്ട് സഞ്ചരിച്ചുപോന്നു.