22 ഹെരോദ്യയുടെ മകൾ അകത്ത് ചെന്നു നൃത്തംചെയ്തു ഹെരോദാവിനെയും വിരുന്നുകാരെയും പ്രസാദിപ്പിച്ച സമയം: "മനസ്സുള്ളത് എന്തെങ്കിലും എന്നോടു ചോദിച്ചു കൊൾക; നിനക്കു തരാം" എന്നു രാജാവ് ബാലയോടു പറഞ്ഞു. 23 എന്ത് ചോദിച്ചാലും, രാജ്യത്തിൽ പകുതിയോളം ആയാലും നിനക്കു തരാം എന്നു സത്യംചെയ്തു.
24 അവൾ പുറത്തിറങ്ങി അമ്മയോട്: "ഞാൻ എന്ത് ചോദിക്കേണം?" എന്നു ചോദിച്ചതിന്: "യോഹന്നാൻ സ്നാപകന്റെ തല" എന്നു അവൾ പറഞ്ഞു.
25 ഉടനെ അവൾ ബദ്ധപ്പെട്ടു രാജാവിന്റെ അടുക്കൽ ചെന്നു: "ഇപ്പോൾ തന്നെ യോഹന്നാൻ സ്നാപകന്റെ തല ഒരു തളികയിൽ തരേണം" എന്നു പറഞ്ഞു.
26 രാജാവ് അതിദുഃഖിതനായി എങ്കിലും തന്റെ ശപഥത്തെയും തന്റെ വിരുന്നുകാരെയും വിചാരിച്ചു അവനു അവളോടു നിഷേധിപ്പാൻ കഴിഞ്ഞില്ല. 27 ഉടനെ രാജാവ് ഒരു അകമ്പടിയെ അയച്ച്, അവന്റെ തല കൊണ്ടുവരുവാൻ കല്പിച്ചു. 28 അവൻ പോയി തടവിൽ അവനെ ശിരച്ഛേദം ചെയ്തു; അവന്റെ തല ഒരു തളികയിൽ കൊണ്ടുവന്നു ബാലയ്ക്കു കൊടുത്തു; ബാല അമ്മയ്ക്കു കൊടുത്തു.