അയ്യായിരംപേരെ പോഷിപ്പിക്കുന്നു
30 അപ്പൊസ്തലന്മാർ യേശുവിന്റെ അടുക്കൽ ഒരുമിച്ചുകൂടി തങ്ങൾ ചെയ്തതും ഉപദേശിച്ചതും എല്ലാം അറിയിച്ചു. 31 വരുന്നവരും പോകുന്നവരും വളരെ ആയിരുന്നതിനാൽ അവർക്കു വിശ്രമിപ്പാൻ സമയം ലഭിച്ചിരുന്നില്ല, ഭക്ഷിക്കുവാൻ പോലും സമയം ഇല്ലാത്തതുകൊണ്ട് അവൻ അവരോട്: നിങ്ങൾ ഒരു ഏകാന്ത സ്ഥലത്ത് വേറിട്ടുവന്ന് അല്പം ആശ്വസിച്ചുകൊൾവിൻ എന്നു പറഞ്ഞു.
32 അങ്ങനെ അവർ പടകിൽ കയറി ഒരു ഏകാന്ത സ്ഥലത്ത് വേറിട്ടുപോയി. 33 അവർ പോകുന്നത് പലരും കണ്ടു, അറിഞ്ഞ്, എല്ലാ പട്ടണങ്ങളിൽനിന്നും കാൽനടയായി അവിടേക്ക് ഓടി, അവർക്കു മുമ്പെ അവിടെ എത്തി. 34 അവൻ പടകിൽ നിന്നു കരയ്ക്കിറങ്ങിയപ്പോൾ വലിയ പുരുഷാരത്തെ കണ്ടു, അവർ ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ട് അവരിൽ മനസ്സലിഞ്ഞ് പലതും ഉപദേശിച്ചു തുടങ്ങി.
35 പിന്നെ നേരം നന്നേ വൈകിയപ്പോൾ, ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു; "ഇതു നിർജ്ജനപ്രദേശം അല്ലോ; 36 നേരവും നന്നേ വൈകി; അവർ ചുറ്റുമുള്ള നാട്ടിൻപുറങ്ങളിലും ഗ്രാമങ്ങളിലും ചെന്നു ഭക്ഷിക്കുവാൻ വല്ലതും വാങ്ങേണ്ടതിന് അവരെ പറഞ്ഞയക്കണം" എന്നു പറഞ്ഞു.
37 എന്നാൽ അവൻ അവരോട്: നിങ്ങൾ അവർക്കു ഭക്ഷിക്കുവാൻ കൊടുക്കുവിൻ എന്നു പറഞ്ഞതിന്: "ഞങ്ങൾ പോയി ഇരുനൂറ് വെള്ളിക്കാശിന് അപ്പം വാങ്ങിക്കൊണ്ടു വന്ന് അവർക്കു തിന്മാൻ കൊടുക്കുകയോ?" എന്നു അവനോട് പറഞ്ഞു.
38 അവൻ അവരോട്: നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട്? ചെന്നു നോക്കുവിൻ എന്നു പറഞ്ഞു;
അവർ നോക്കിയിട്ട്: "അഞ്ചു അപ്പവും രണ്ടുമീനും ഉണ്ട്" എന്നു പറഞ്ഞു.
39 പിന്നെ അവൻ എല്ലാവരോടും പച്ചപ്പുല്ലിന്മേൽ പന്തിപന്തിയായി ഇരിക്കുവാൻ കല്പിച്ചു. 40 അവർ നൂറും അമ്പതും വീതം പന്തിപന്തിയായി ഇരുന്നു.
41 അവൻ ആ അഞ്ചു അപ്പവും രണ്ടുമീനും എടുത്തു സ്വർഗ്ഗത്തേക്ക് നോക്കി വാഴ്ത്തി, അപ്പം നുറുക്കി, അവർക്കു വിളമ്പുവാൻ തന്റെ ശിഷ്യന്മാർക്കു കൊടുത്തു; ആ രണ്ടുമീനും എല്ലാവർക്കും വിഭാഗിച്ചു കൊടുത്തു. 42 അവർ എല്ലാവരും തൃപ്തരാകുന്നതുവരെ കഴിച്ചു. 43 അവർ അപ്പക്കഷണങ്ങളും മീൻനുറുക്കും പന്ത്രണ്ടു കുട്ട നിറച്ചെടുത്തു. 44 അപ്പം തിന്നവരോ അയ്യായിരം (5,000) പുരുഷന്മാർ ആയിരുന്നു.