യേശു കടലിന്മേൽ നടക്കുന്നു
22 ഉടനെ യേശു താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിനിടയിൽ ശിഷ്യന്മാർ പടകിൽ കയറി, തനിക്കുമുമ്പായി അക്കരയ്ക്ക് പോകുവാൻ അവരെ നിര്ബ്ബന്ധിച്ചു. 23 അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ട് പ്രാർത്ഥിക്കുവാൻ തനിയെ മലയിൽ കയറിപ്പോയി; വൈകുന്നേരം ആയപ്പോൾ ഏകനായി അവിടെ ഇരുന്നു. 24 പടകോ കരവിട്ട് കടലിന് നടുവിലും, കാറ്റ് പ്രതികൂലമാകയാൽ തിരകൾ നിമിത്തം നിയന്ത്രണാതീതവുമായി. 25 രാത്രിയിലെ നാലാം യാമത്തിൽ അവൻ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ വന്നു. 26 അവൻ കടലിന്മേൽ നടക്കുന്നത് കണ്ടിട്ട് ശിഷ്യന്മാർ ഭയപ്പെട്ടു അത് ഒരു ഭൂതം എന്നു പറഞ്ഞു പേടിച്ചു നിലവിളിച്ചു. 27 ഉടനെ യേശു അവരോട്:ധൈര്യപ്പെടുവിൻ; ഞാൻ ആകുന്നു; പേടിക്കേണ്ടാ എന്നു പറഞ്ഞു.
പത്രൊസ് വെള്ളത്തിന്മീതെ നടക്കുന്നു
28 അതിന് പത്രൊസ്: "കർത്താവേ, നീ ആകുന്നു എങ്കിൽ ഞാൻ വെള്ളത്തിന്മീതെ നിന്റെ അടുക്കൽ വരേണ്ടതിന് കല്പിക്കേണം" എന്നു പറഞ്ഞു.
29 വരിക എന്നു അവൻ പറഞ്ഞു.
പത്രൊസ് പടകിൽ നിന്നു ഇറങ്ങി, യേശുവിന്റെ അടുക്കൽ ചെല്ലുവാൻ വെള്ളത്തിന്മേൽ നടന്നു. 30 എന്നാൽ അവൻ കാറ്റ് കണ്ടു ഭയപ്പെട്ടു മുങ്ങിത്തുടങ്ങുകയാൽ: "കർത്താവേ, എന്നെ രക്ഷിക്കേണമേ" എന്നു നിലവിളിച്ചു.
31 യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ചു: അല്പവിശ്വാസിയേ, നീ എന്തിന് സംശയിച്ചു എന്നു പറഞ്ഞു.
32 യേശുവും പത്രൊസും പടകിൽ കയറിയപ്പോൾ കാറ്റ് അടിക്കുന്നത് നിന്നു. 33 പടകിലുള്ള ശിഷ്യന്മാർ: "നീ ദൈവപുത്രൻ സത്യം" എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.