യേശു നാലായിരംപേരെ പോഷിപ്പിക്കുന്നു
32 എന്നാൽ യേശു തന്റെ ശിഷ്യന്മാരെ അടുക്കെ വിളിച്ചു; ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളുകളായി എന്നോടുകൂടെ പാർക്കുന്നു; അവർക്ക് ഭക്ഷിക്കുവാൻ ഒന്നും ഇല്ലാത്തതുകൊണ്ട് അവരെക്കുറിച്ച് എനിക്ക് മനസ്സലിവു തോന്നുന്നു; അവരെ പട്ടിണിയായി വിട്ടയപ്പാൻ മനസ്സുമില്ല; അവർ വഴിയിൽവെച്ചു തളർന്നുപോയേക്കും എന്നു പറഞ്ഞു.
33 ശിഷ്യന്മാർ അവനോട്: "ഇത്രവലിയ പുരുഷാരത്തിന് തൃപ്തിവരുത്തുവാൻ ആവശ്യമായ അപ്പം ഈ വിജനമായ സ്ഥലത്ത് നമുക്കു എവിടെ നിന്നു ലഭിക്കും?" എന്നു ചോദിച്ചു.
34 യേശു അവരോട് നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട് എന്നു ചോദിച്ചതിന്, "ഏഴു അപ്പവും, കുറെ ചെറുമീനുകളും ഉണ്ട്" എന്നു അവർ പറഞ്ഞു.
35 അവൻ പുരുഷാരത്തോട് നിലത്തു ഇരിക്കുവാൻ കല്പിച്ചു, 36 ആ ഏഴു അപ്പവും മീനും എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിനും കൊടുത്തു. 37 എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണങ്ങൾ അവർ ഏഴു കൊട്ട നിറച്ചെടുത്തു. 38 തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ നാലായിരം പുരുഷന്മാർ ആയിരുന്നു.