കിഴക്കുനിന്ന് വന്ന ജ്ഞാനികൾ യെരൂശലേമിൽ
1 ഹെരോദാരാജാവിൻ്റെ കാലത്ത് യേശു യെഹൂദ്യയിലെ ബേത്ത്-ലേഹേമിൽ ജനിച്ചശേഷം, കിഴക്കുനിന്ന് വിദ്വാന്മാർ യെരൂശലേമിൽ എത്തി: 2 "യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ? ഞങ്ങൾ അവന്റെ നക്ഷത്രം കിഴക്ക് കണ്ടു അവനെ നമസ്കരിപ്പാൻ വന്നിരിക്കുന്നു" എന്നു പറഞ്ഞു. 3 ഹെരോദാരാജാവ് അത് കേട്ടിട്ടു അവനും യെരൂശലേം ഒക്കെയും ഭ്രമിച്ചുപോയി, 4 ഹെരോദാരാജാവ് ജനത്തിന്റെ മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും എല്ലാം കൂട്ടിവരുത്തി: "ക്രിസ്തു എവിടെ ആകുന്നു ജനിക്കുന്നതെന്ന്" അവരോട് ചോദിച്ചു.
5 അവർ അവനോട്: "പ്രവാചകൻ എഴുതിയിരിക്കുന്നതിൻ പ്രകാരം യെഹൂദ്യയിലെ ബേത്ത്-ലേഹേമിൽ തന്നെ."
6 "യെഹൂദ്യയിലെ ബേത്ലേഹേമേ, യെഹൂദ്യാ പ്രഭുക്കന്മാരിൽ നീ ഒട്ടും ചെറുതല്ല;
എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കുവാനുള്ള തലവൻ നിന്നിൽനിന്നു പുറപ്പെട്ടുവരും"
എന്നു പറഞ്ഞു.
7 ഉടനെ ഹെരോദാവ് വിദ്വാന്മാരെ രഹസ്യമായി വിളിച്ചു, നക്ഷത്രം പ്രത്യക്ഷമായ സമയം അവരോട് കൃത്യമായി ചോദിച്ചറിഞ്ഞു. 8 അവരെ ബേത്ത്-ലേഹേമിലേക്കു അയച്ചു: നിങ്ങൾ ചെന്നു ശിശുവിനെക്കുറിച്ച് ശ്രദ്ധയോടെ അന്വേഷിക്കുവിൻ; കണ്ടെത്തിയാൽ ആ വാർത്ത എന്നെ അറിയിക്കുവിൻ ഞാനും വന്നു അവനെ നമസ്കരിക്കട്ടെ, 9 രാജാവ് പറഞ്ഞത് കേട്ടു അവർ പുറപ്പെട്ടു; അവർ കിഴക്ക് കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന് മീതെ വന്നുനില്ക്കുന്നതുവരെ അവർക്ക് മുമ്പായി പൊയ്ക്കൊണ്ടിരുന്നു. 10 നക്ഷത്രം കണ്ടപ്പോൾ അവർ അത്യന്തം സന്തോഷിച്ചു; 11 ആ വീട്ടിൽ ചെന്നു, ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ടു, കുമ്പിട്ട് അവനെ നമസ്കരിച്ചു; നിക്ഷേപപാത്രങ്ങളെ തുറന്നു അവനു പൊന്നും കുന്തുരുക്കവും മൂരും അർപ്പിച്ചു. 12 ഹെരോദാവിൻ്റെ അടുക്കൽ മടങ്ങിപ്പോകരുത് എന്നു സ്വപ്നത്തിൽ ദൈവം അവരോട് അരുളിച്ചെയ്തിട്ട് അവർ വേറെ വഴിയായി സ്വദേശത്തേക്ക് മടങ്ങിപ്പോയി.