യേശുവിന്റെ രാജകീയ നഗര പ്രവേശനം
1 അനന്തരം യേശുവും ശിഷ്യന്മാരും യെരൂശലേമിനു സമീപം ഒലിവുമലയരികെ ബേത്ത്ഫാഗയിൽ എത്തിയപ്പോൾ, യേശു രണ്ടു ശിഷ്യന്മാരെ അയച്ചു: 2 നിങ്ങൾക്ക് അടുത്തുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; ഉടനെ അവിടെ കെട്ടിയിരിക്കുന്ന ഒരു പെൺകഴുതയെയും അതിന്റെ കുട്ടിയെയും നിങ്ങൾ കാണും; അവയെ അഴിച്ച് എന്റെ അടുത്തു കൊണ്ടുവരുവിൻ. 3 നിങ്ങളോടു ആരെങ്കിലും അതിനെക്കുറിച്ച് എന്തെങ്കിലും ചോദിച്ചാൽ കർത്താവിന് ഇവയെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു പറവിൻ; തൽക്ഷണം അവൻ അവയെ നിങ്ങളുടെ കൂടെ അയയ്ക്കും എന്നു പറഞ്ഞു.
4 "സീയോൻ പുത്രിയോട്: ഇതാ, നിന്റെ രാജാവ് സൗമ്യനായി കഴുതപ്പുറത്തും
വാഹനമൃഗത്തിൻ്റെ കുട്ടിയുടെ പുറത്തും കയറി
നിന്റെ അടുക്കൽ വരുന്നു എന്നു പറവിൻ"
5 എന്നിങ്ങനെ പ്രവാചകൻമുഖാന്തരം അരുളിച്ചെയ്തതിന് നിവൃത്തിവരുവാൻ ഇതു സംഭവിച്ചു.
6 ശിഷ്യന്മാർ പുറപ്പെട്ടു യേശു നിർദ്ദേശിച്ചതുപോലെ ചെയ്തു, 7 കഴുതയെയും കുട്ടിയെയും കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അവയുടെമേൽ ഇട്ടു; യേശു കയറി ഇരുന്നു. 8 പുരുഷാരത്തിൽ പലരും തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു: മറ്റുള്ളവർ വൃക്ഷങ്ങളിൽ നിന്നു കൊമ്പുകൾ വെട്ടി വഴിയിൽ വിതറി. 9 മുമ്പിലും പിമ്പിലും നടന്നിരുന്ന പുരുഷാരം: "ദാവീദ് പുത്രന് ഹോശന്നാ; 21:9 ദൈവം വാഴ്ത്തപ്പെടുമാറകട്ടെ. കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ; അത്യുന്നതങ്ങളിൽ ഹോശന്നാ" എന്നു ആർത്തുകൊണ്ടിരുന്നു. 10 അവൻ യെരൂശലേമിൽ പ്രവേശിച്ചപ്പോൾ നഗരം മുഴുവനും ഇളകി: "ഇവൻ ആർ?" എന്നു പറഞ്ഞു. 11 ഇവൻ ഗലീലയിലെ നസറെത്തിൽനിന്നുള്ള പ്രവാചകനായ യേശു എന്നു പുരുഷാരം പറഞ്ഞു.