1 സ്വർഗ്ഗരാജ്യം വിളക്കു എടുത്തുകൊണ്ടു മണവാളനെ എതിരേൽക്കുവാൻ പുറപ്പെട്ട പത്തു കന്യകമാരോട് തുല്യം ആയിരിക്കും. 2 അവരിൽ അഞ്ചുപേർ ബുദ്ധിയില്ലാത്തവരും അഞ്ചുപേർ ബുദ്ധിയുള്ളവരും ആയിരുന്നു. 3 ബുദ്ധിയില്ലാത്ത കന്യകമാർ വിളക്ക് എടുത്തപ്പോൾ എണ്ണയും എടുത്തില്ല. 4 ബുദ്ധിയുള്ള കന്യകമാരോ വിളക്കിനോടൊപ്പം എണ്ണയുള്ള പാത്രങ്ങളും എടുത്തു. 5 അപ്പോൾ മണവാളൻ വരുവാൻ താമസിക്കുന്നതുകൊണ്ട് എല്ലാവരും മയക്കംപിടിച്ച് ഉറങ്ങി.
6 അർദ്ധരാത്രിക്കോ മണവാളൻ വരുന്നു; അവനെ എതിരേൽക്കുവാൻ പുറപ്പെടുവിൻ എന്നു ആർപ്പുവിളി ഉണ്ടായി. 7 അപ്പോൾ കന്യകമാർ എല്ലാവരും എഴുന്നേറ്റ് വിളക്കു തെളിയിച്ചു. 8 എന്നാൽ ബുദ്ധിയില്ലാത്തവർ ബുദ്ധിയുള്ളവരോട്: ഞങ്ങളുടെ വിളക്കു കെട്ടുപോകുന്നതു കൊണ്ടു നിങ്ങളുടെ എണ്ണയിൽ കുറെ ഞങ്ങൾക്കു തരേണം എന്നു പറഞ്ഞു.
9 ബുദ്ധിയുള്ളവർ: ഞങ്ങൾക്കും നിങ്ങൾക്കും തികയാതെ വരാതിരിപ്പാൻ നിങ്ങൾ വില്ക്കുന്നവരുടെ അടുക്കൽ പോയി വാങ്ങിക്കൊൾവിൻ എന്നു ഉത്തരം പറഞ്ഞു.
10 ബുദ്ധിയില്ലാത്ത കന്യകമാർ വാങ്ങുവാൻ പോയപ്പോൾ മണവാളൻ വന്നു; ഒരുങ്ങിയിരുന്നവർ അവനോടുകൂടെ കല്യാണസദ്യയ്ക്ക് ചെന്നു; വാതിൽ അടയ്ക്കുകയും ചെയ്തു.
11 അതിന്റെശേഷം ബുദ്ധിയില്ലാത്ത കന്യകമാരും വന്നു: യജമാനനെ, യജമാനനെ ഞങ്ങൾക്കുവേണ്ടി വാതിൽ തുറക്കേണമേ എന്നു പറഞ്ഞു. 12 അതിന് അവൻ മറുപടിയായി: ഞാൻ നിങ്ങളെ അറിയുന്നില്ല എന്നു സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. 13 ആകയാൽ നാളും സമയവും നിങ്ങൾ അറിയായ്കകൊണ്ട് ജാഗ്രത ഉള്ളവരായിരിക്കുവിൻ.