3 അവനെ ശിക്ഷയ്ക്ക് വിധിച്ചു എന്നു അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ടു അനുതപിച്ചു, ആ മുപ്പതു വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ മടക്കി കൊണ്ടുവന്നു: 4 "ഞാൻ കുറ്റമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാൽ പാപംചെയ്തു" എന്നു പറഞ്ഞു.
"അത് ഞങ്ങൾക്കു എന്ത്? നീ തന്നെ നോക്കിക്കൊൾക" എന്നു അവർ പറഞ്ഞു.
5 അവൻ ആ വെള്ളിക്കാശ് മന്ദിരത്തിലേക്ക് എറിഞ്ഞിട്ട്, വേറിട്ടു ചെന്നു കെട്ടിഞാന്നു ചത്തുകളഞ്ഞു.
6 മഹാപുരോഹിതന്മാർ ആ വെള്ളിക്കാശ് എടുത്തു: "ഇതു രക്തവിലയാകയാൽ ഖജനാവിൽ ഇടുന്നത് വിഹിതമല്ല" എന്നു പറഞ്ഞു കൂടി ആലോചിച്ചു, 7 പരദേശികളെ കുഴിച്ചിടുവാൻ അതുകൊണ്ട് കുശവന്റെ നിലം വാങ്ങി.