യേശു മരുഭൂമിയിൽ പരീക്ഷിക്കപ്പെടുന്നു
1 അനന്തരം പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ യേശുവിനെ ആത്മാവ് മരുഭൂമിയിലേക്ക് നടത്തി. 2 അവൻ നാല്പതുപകലും നാല്പതുരാവും ഉപവസിച്ചശേഷം അവനു വിശന്നു. 3 അപ്പോൾ പരീക്ഷകൻ അടുത്തുവന്ന് പറഞ്ഞു: "നീ ദൈവപുത്രൻ എങ്കിൽ ഈ കല്ല് അപ്പമായിത്തീരുവാൻ കല്പിക്ക."
4 എന്നാൽ അവൻ ഉത്തരം പറഞ്ഞത്: മനുഷ്യൻ അപ്പംകൊണ്ട് മാത്രമല്ല, ദൈവത്തിന്റെ വായിൽനിന്നും വരുന്ന സകല വചനംകൊണ്ടും ജീവിക്കുന്നു എന്നു എഴുതിയിരിക്കുന്നു.
5 പിന്നെ പിശാച് അവനെ വിശുദ്ധനഗരത്തിൽ കൊണ്ടുപോയി ദൈവാലയത്തിന്റെ ഏറ്റവും ഉയർന്ന ഭാഗത്ത് നിർത്തി അവനോട്: 6 "നീ ദൈവപുത്രൻ എങ്കിൽ താഴോട്ടു ചാടുക."
"നിന്നെക്കുറിച്ച് അവൻ തന്റെ ദൂതന്മാരോട് കല്പിക്കും;
അവൻ നിന്റെ കാൽ കല്ലിനോട് തട്ടാതവണ്ണം നിന്നെ കയ്യിൽ താങ്ങിക്കൊള്ളും"
എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
7 യേശു അവനോട്: നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത് എന്നും കൂടെ എഴുതിയിരിക്കുന്നു എന്നു പറഞ്ഞു.
8 പിന്നെ പിശാച് അവനെ ഏറ്റവും ഉയർന്നൊരു മലമുകളിൽ കൂട്ടിക്കൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു: 9 ‘‘വണങ്ങി എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു നൽകാം" എന്നു അവനോട് പറഞ്ഞു.
10 യേശു അവനോട് പറഞ്ഞു: സാത്താനേ ഇവിടം വിട്ട് പോക! നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവൂ എന്നു എഴുതിയിരിക്കുന്നുവല്ലോ.
11 അപ്പോൾ പിശാച് അവനെ വിട്ടുപോയി; ദൂതന്മാർ അടുത്തുവന്ന് അവനെ ശുശ്രൂഷിച്ചു.