3 ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ;
സ്വർഗ്ഗരാജ്യം അവർക്കുള്ളത്.
4 ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ;
അവർക്ക് ആശ്വാസം ലഭിക്കും.
5 സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ;
അവർ ഭൂമിയെ അവകാശമാക്കും.
6 നീതിക്കുവേണ്ടി വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ;
അവർ സംതൃപ്തർ ആകും.
7 കരുണയുള്ളവർ ഭാഗ്യവാന്മാർ;
അവർക്ക് കരുണ ലഭിക്കും.
8 ഹൃദയനിർമ്മലതയുള്ളവർ ഭാഗ്യവാന്മാർ;
അവർ ദൈവത്തെ കാണും.
9 സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ;
അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും
10 നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ;
സ്വർഗ്ഗരാജ്യം അവർക്കുള്ളത്.
11 എന്റെ നിമിത്തം നിങ്ങളെ അപമാനിക്കുകയും ഉപദ്രവിക്കുകയും നിങ്ങളെക്കൊണ്ട് എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. 12 സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം മഹത്തരമാകകൊണ്ട് സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്ക് മുമ്പെ ജീവിച്ചിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെ തന്നെ ഉപദ്രവിച്ചുവല്ലോ.