മതിൽപണിക്കു നേരിട്ട എതിർപ്പുകൾ
1 ഞങ്ങൾ മതിൽ പണിയുന്നു എന്ന് സൻബല്ലത്ത് കേട്ടപ്പോൾ അവൻ കോപവും മഹാരോഷവും പൂണ്ട് യെഹൂദന്മാരെ നിന്ദിച്ചു. 2 "ഈ ദുർബ്ബലന്മാരായ യെഹൂദന്മാർ എന്ത് ചെയ്വാൻ ഭാവിക്കുന്നു? ഇത് പുനരുദ്ധരിക്കാൻ അവർക്ക് കഴിയുമോ? അവർ യാഗം കഴിക്കുമോ? ഒരു ദിവസംകൊണ്ട് പണി തീർത്തുകളയുമോ? വെന്തുകിടക്കുന്ന കൽക്കൂമ്പാരങ്ങളിൽനിന്ന് അവർ കല്ല് പുനർജ്ജീവിപ്പിക്കുമോ?" എന്നിങ്ങനെ തന്റെ സഹോദരന്മാരും ശമര്യസൈന്യവും കേൾക്കെ പറഞ്ഞു.
3 അപ്പോൾ അവന്റെ അടുക്കൽ നിന്നിരുന്ന അമ്മോന്യനായ തോബീയാവ്: "അവർ എങ്ങനെ പണിതാലും ഒരു കുറുക്കൻ കയറിയാൽ അവരുടെ കന്മതിൽ ഉരുണ്ടുവീഴും" എന്നു പറഞ്ഞു.
4 "ഞങ്ങളുടെ ദൈവമേ, കേൾക്കേണമേ; ഞങ്ങൾ നിന്ദിതന്മാർ ആയിരിക്കുന്നു; അവരുടെ നിന്ദയെ സ്വന്തതലയിലേക്ക് തിരികെ കൊടുക്കേണമേ. പ്രവാസദേശത്ത് അവരെ കവർച്ചയ്ക്ക് ഏല്പിക്കേണമേ. 5 പണിയുന്നവർ കേൾക്കെ അവർ അങ്ങയെ കോപിപ്പിച്ചിരിക്കയാൽ അവരുടെ അകൃത്യം മറയ്ക്കരുതേ; അവരുടെ പാപം അങ്ങേയുടെ മുമ്പിൽനിന്ന് മാഞ്ഞുപോകയും അരുതേ."
6 അങ്ങനെ ഞങ്ങൾ മതിൽ പണിതു; വേലചെയ്വാൻ ജനത്തിന് ഉത്സാഹം ഉണ്ടായിരുന്നതുകൊണ്ട് മതിൽ മുഴുവനും പകുതി പൊക്കംവരെ തീർത്തു.