8 ഇങ്ങനെ അവർ ദൈവത്തിന്റെ ന്യായപ്രമാണപുസ്തകം തെളിവായി വായിച്ചുകേൾപ്പിക്കയും വായിച്ചത് ഗ്രഹിപ്പാൻ തക്കവണ്ണം അർത്ഥം പറഞ്ഞുകൊടുക്കയും ചെയ്തു.
9 ദേശാധിപതിയായ നെഹെമ്യാവും ശാസ്ത്രിയായ എസ്രാപുരോഹിതനും ജനത്തെ ഉപദേശിച്ചുപോന്ന ലേവ്യരും സകലജനത്തോടും: "ഈ ദിവസം നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് വിശുദ്ധമാകുന്നു; നിങ്ങൾ ദുഃഖിക്കുകയോ കരയുകയോ ചെയ്യരുത്" എന്നു പറഞ്ഞു. ജനമെല്ലാം ന്യായപ്രമാണവാക്യങ്ങളെ കേട്ടപ്പോൾ കരയുകയായിരുന്നു.
10 അനന്തരം അവർ അവരോട്: "നിങ്ങൾ ചെന്നു നല്ല ഭക്ഷണവും മധുരപാനീയവും കഴിച്ച് തങ്ങൾക്കായി കരുതിയിട്ടില്ലാത്തവർക്കായി ഓഹരി കൊടുത്തയപ്പിൻ; ഈ ദിവസം നമ്മുടെ കർത്താവിന് വിശുദ്ധമാകുന്നു; നിങ്ങൾ ദുഃഖിക്കരുത്; യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നുവല്ലോ" എന്നു പറഞ്ഞു.
11 അപ്രകാരം ലേവ്യരും "നിങ്ങൾ മിണ്ടാതിരിപ്പിൻ; ഈ ദിവസം വിശുദ്ധമല്ലോ; നിങ്ങൾ ദുഃഖിക്കരുത്" എന്നു പറഞ്ഞ് സർവ്വജനത്തെയും ശാന്തരാക്കി. 12 തങ്ങളോട് പറഞ്ഞ വചനം ബോദ്ധ്യമായതുകൊണ്ട് ജനമെല്ലാം പോയി തിന്നുകയും കുടിക്കുകയും ഓഹരി കൊടുത്തയക്കയും അത്യന്തം സന്തോഷിക്കയും ചെയ്തു.