അധികാരികളോടുള്ള കടമ
1 ഏത് മനുഷ്യനും മേലാധികാരികളെ അനുസരിക്കട്ടെ, ദൈവത്തിൽ നിന്നല്ലാതെ ഒരധികാരവുമില്ലല്ലോ; നിലവിലുള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു. 2 ആകയാൽ ആ അധികാരത്തെ എതിർക്കുന്നവൻ ദൈവകൽപ്പനയെ ധിക്കരിക്കുന്നു; ധിക്കരിക്കുന്നവർ തങ്ങളുടെമേൽ ശിക്ഷാവിധി പ്രാപിക്കും. 3 ഭരണാധികാരികൾ സൽപ്രവൃത്തിക്കല്ല ദുഷ്പ്രവൃത്തിക്കത്രേ ഭയങ്കരം. നിങ്ങൾ അധികാരസ്ഥനെ ഭയപ്പെടാതിരിപ്പാൻ ഇച്ഛിക്കുന്നുവോ? നന്മചെയ്ക; എന്നാൽ അതിൽ നിന്നു പുകഴ്ച ലഭിക്കും. 4 നിന്റെ നന്മയ്ക്കായിട്ടല്ലോ അവൻ ദൈവശുശ്രൂഷക്കാരൻ ആയിരിക്കുന്നത്. നീ തിന്മ ചെയ്തു എങ്കിലോ ഭയപ്പെടുക; വെറുതെ അല്ല അവൻ വാൾ വഹിക്കുന്നതു; അവൻ ദോഷം പ്രവർത്തിക്കുന്നവൻ്റെ ശിക്ഷയ്ക്കായി പ്രതികാരിയായ ദൈവശുശ്രൂഷക്കാരൻ തന്നെ. 5 അതുകൊണ്ട് ശിക്ഷയെ മാത്രമല്ല മനസ്സാക്ഷിയെയും വിചാരിച്ചു കീഴടങ്ങുക ആവശ്യം.
6 അധികാരികൾ ദൈവശുശ്രൂഷകന്മാരും ആ കാര്യം നിരന്തരമായി നോക്കുന്നവരുമാകുന്നതുകൊണ്ടു തന്നെ നിങ്ങൾ നികുതിയും കൊടുക്കുന്നു. 7 എല്ലാവർക്കും കടമായുള്ളത് കൊടുക്കുവിൻ; നികുതി കൊടുക്കണ്ടവന് നികുതി; ചുങ്കം കൊടുക്കണ്ടവന് ചുങ്കം; ഭയം കാണിക്കേണ്ടവന് ഭയം; ബഹുമാനം കാണിക്കേണ്ടവന് ബഹുമാനം.