വിശ്വാസവും പ്രവൃത്തിയും
14 എന്‍റെ സഹോദരന്മാരേ, ഒരുവൻ തനിക്കു വിശ്വാസം ഉണ്ട് എന്നു പറയുകയും പ്രവൃത്തികൾ ഇല്ലാതിരിക്കുകയും ചെയ്താൽ എന്ത് പ്രയോജനം? ആ വിശ്വാസത്താൽ അവനു രക്ഷ പ്രാപിക്കുവാൻ സാധിക്കുമോ? 15 ഒരു സഹോദരനോ, സഹോദരിയോ വസ്ത്രവും ദൈനംദിന ആഹാരവും ഇല്ലാതിരിക്കെ നിങ്ങളിൽ ഒരുവൻ അവരോട്: 16 "സമാധാനത്തോടെ പോയി തണുപ്പകറ്റുകയും വിശപ്പടക്കുകയും ചെയ്‌വിൻ" എന്നു പറയുന്നതല്ലാതെ ദേഹരക്ഷയ്ക്ക് ആവശ്യമുള്ളത് അവർക്ക് കൊടുക്കാതിരുന്നാൽ ഉപകാരമെന്ത്? 17 അങ്ങനെ പ്രവൃത്തികൾ കൂടാതെയുള്ള വിശ്വാസം സ്വതവേ നിർജ്ജീവമാകുന്നു.
18 എന്നാൽ ഒരുവൻ: "നിനക്കു വിശ്വാസം ഉണ്ട്; എനിക്ക് പ്രവൃത്തികൾ ഉണ്ട്" എന്നു പറയുമായിരിക്കും. നിന്‍റെ വിശ്വാസം പ്രവൃത്തികൾ കൂടാതെ കാണിച്ചുതരിക; ഞാനും എന്‍റെ വിശ്വാസം പ്രവൃത്തികളാൽ കാണിച്ചുതരാം. 19 ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ? കൊള്ളാം; ഭൂതങ്ങളും അങ്ങനെ വിശ്വസിക്കുകയും വിറയ്ക്കുകയും ചെയ്യുന്നു.
20 വ്യർത്ഥമനുഷ്യാ, പ്രവൃത്തിയില്ലാത്ത വിശ്വാസം നിഷ്ഫലമെന്ന് ഗ്രഹിക്കുവാൻ നിനക്കു മനസ്സുണ്ടോ? 21 നമ്മുടെ പിതാവായ അബ്രാഹാം തന്‍റെ മകനായ യിസ്ഹാക്കിനെ യാഗപീഠത്തിന്മേൽ അർപ്പിച്ചപ്പോൾ, പ്രവൃത്തിയാൽ അല്ലയോ നീതീകരിക്കപ്പെട്ടത്. 22 അവന്‍റെ പ്രവൃത്തിയോടുകൂടെ വിശ്വാസം വ്യാപരിച്ചു എന്നും പ്രവൃത്തിയാൽ വിശ്വാസം പൂർണ്ണമായി എന്നും നീ കാണുന്നുവല്ലോ. 23 "അബ്രാഹാം ദൈവത്തെ വിശ്വസിക്കുകയും അത് അവനു നീതിയായി കണക്കിടുകയും ചെയ്തു" എന്നുള്ള തിരുവെഴുത്ത് നിവൃത്തിയാവുകയും, അവനു ദൈവത്തിന്‍റെ സ്നേഹിതൻ എന്നു പേർ ലഭിക്കുകയും ചെയ്തു. 24 അങ്ങനെ മനുഷ്യൻ വിശ്വാസത്താൽ മാത്രമല്ല, പ്രവൃത്തികളാൽ തന്നെ നീതീകരിക്കപ്പെടുന്നു എന്നു നിങ്ങൾ കാണുന്നു.
25 അതുപോലെ രാഹാബ് എന്ന വേശ്യയും ദൂതരെ കൈക്കൊള്ളുകയും വേറൊരു വഴിയായി പറഞ്ഞയക്കുകയും ചെയ്തതിൽ പ്രവൃത്തികളാൽ അല്ലയോ നീതീകരിക്കപ്പെട്ടത്? 26 ഇങ്ങനെ ആത്മാവില്ലാത്ത ശരീരം നിർജ്ജീവമായിരിക്കുന്നതുപോലെ പ്രവൃത്തിയില്ലാത്ത വിശ്വാസവും നിർജ്ജീവമാകുന്നു.