2 ജഡത്തിൽ കഷ്ടമനുഭവിച്ചവൻ ജഡത്തിൽ ശേഷിച്ചിരിക്കുംകാലം ഇനി മനുഷ്യരുടെ മോഹങ്ങൾക്കല്ല, ദൈവത്തിന്റെ ഇഷ്ടത്തിന്നത്രേ ജീവിക്കേണ്ടതിന്നു പാപം വിട്ടൊഴിഞ്ഞിരിക്കുന്നു. 3 കാമാർത്തികളിലും മോഹങ്ങളിലും വീഞ്ഞുകുടിയിലും വെറിക്കൂത്തുകളിലും മദ്യപാനത്തിലും ധർമ്മവിരുദ്ധമായ വിഗ്രഹാരാധനയിലും നടന്നു ജാതികളുടെ ഇഷ്ടം പ്രവർത്തിച്ചുകൊണ്ടു കാലം പോക്കിയതു മതി. 4 ദുർന്നടപ്പിന്റെ അതേ കവിച്ചലിൽ നിങ്ങൾ അവരോടു ചേർന്നു നടക്കാതിരിക്കുന്നതു അപൂർവ്വം എന്നുവെച്ചു അവർ ദുഷിക്കുന്നു. 5 ജീവികളെയും മരിച്ചവരെയും ന്യായം വിധിപ്പാൻ ഒരുങ്ങിയിരിക്കുന്നവന്നു അവർ കണക്കു ബോധിപ്പിക്കേണ്ടിവരും. 6 ഇതിന്നായിട്ടല്ലോ മരിച്ചവരോടും സുവിശേഷം അറിയിച്ചതു. അവർ ജഡസംബന്ധമായി മനുഷ്യരെപ്പോലെ വിധിക്കപ്പെടുകയും ആത്മാവുസംബന്ധമായി ദൈവത്തിന്നൊത്തവണ്ണം ജീവിക്കയും ചെയ്യേണ്ടതിന്നു തന്നേ.
7 എന്നാൽ എല്ലാറ്റിന്റെയും അവസാനം സമീപിച്ചിരിക്കുന്നു; ആകയാൽ പ്രാർത്ഥനെക്കു സുബോധമുള്ളവരും നിർമ്മദരുമായിരിപ്പിൻ.